

കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് 18 മുതൽ സെപ്റ്റംബർ 1 വരെയും തിരികെ കേരളത്തിലേക്ക് 19 മുതൽ സെപ്റ്റംബർ 2 വരെയുമാണ് പ്രത്യേക സർവീസുകൾ. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരിലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകൾ സർവീസ് നടത്തും.
മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരുവിൽ നിന്ന് സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്.
മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളും സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എസിയുമാണ് സർവീസ് നടത്തുക. ഈ നഗരങ്ങളിൽ നിന്ന് തിരികെ മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയിൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ പ്രത്യേക ബസുകൾക്കും ഓൺലൈൻ വഴി ടിക്കറ്റെടുക്കാം.
www.keralartc.com എന്ന വെബ്സൈറ്റിലൂടെയും എന്‍റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ ഉറപ്പാക്കാം. സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടാകും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ ടിക്കറ്റുകൾ റിസർവ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.