

വിജിലൻസിന്‍റെ 'ഓപ്പറേഷൻ ഷോർട് സർക്യൂട്ടിൽ' പൊള്ളി കെഎസ്ഇബി; കണ്ടെത്തിയത് വൻക്രമക്കേടുകൾ
തിരുവനന്തപുരം: ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ കെഎസ്ഇബി ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപകക്രമക്കേടുകൾ. പരിശോധനയിൽ 41 ഉദ്യോഗസ്ഥരിൽ നിന്നായി കണക്കിൽപെടാത്ത 16.50 ലക്ഷം രൂര പിടിച്ചെടുത്തു. കരാറുകാരിൽ നിന്ന് ഗൂഗിൾ പേ, യുപിഐ എന്നിവ മുഖേന ബാങ്ക് അക്കൗണ്ടുകൾ വഴി കൈക്കൂലിയായി വാങ്ങിയതാണ് ഈ പണം എന്നാണ് നിഗമനം.
ഇ-ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ തുകയിലുള്ള പ്രവർത്തനങ്ങളെ ചെറുകിട ക്വട്ടേഷനുകളായി വിഭജിച്ച് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ ബിനാമി ഇടപാടുകളും ഗുണനിലവാരമില്ലാത്ത നിർമാണം നടത്തിയവർക്ക് ബില്ലുകൾ മാറി നൽകിയതായും കണ്ടെത്തി.
കെഎസ്ഇബിയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ വിജിലൻസ് ഡയറക്റ്റർ മനോജ് എബ്രഹാമിന്‍റെ നിർദേശം പ്രകാരമാണ് മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ 70 ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫിസുകളിലാണ് പരിശോധന നടത്തിയത്.