'ജീവാനന്ദം' പദ്ധതിക്കെതിരേ പ്രതിപക്ഷം

പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് വി.ഡി. സതീശൻ
'ജീവാനന്ദം' പദ്ധതിക്കെതിരേ പ്രതിപക്ഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച്‌ വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭിക്കുന്ന തരത്തിൽ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന "ജീവാനന്ദം' പദ്ധതിയ്ക്കെതിരേ പ്രതിപക്ഷം രംഗത്ത്. ബജറ്റിൽ പ്രഖ്യാപിച്ച് ഇന്‍ഷ്വറന്‍സ് വകുപ്പ് വഴി നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി സംബന്ധിച്ച്‌ രൂപരേഖ തയാറാക്കാന്‍ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ സർവീസ് സംഘടനകളും പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. നിര്‍ബന്ധ നിക്ഷേപ പദ്ധതി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ വ്യക്തമാക്കി.

"ജീവാനന്ദം' പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് സതീശൻ കുറ്റപ്പെടുത്തി.പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്‍റെ ഒരു ഭാഗം പിടിച്ചു വയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

മാസ ശമ്പളം കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. വായ്പാ ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം. ചികിത്സാ ചെലവുകള്‍ തുടങ്ങി നിരവധി ബാധ്യതകളുണ്ടാകും. നിക്ഷേപമായി ചെറിയ തുക നല്‍കാന്‍ കഴിയാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തില്‍ "നിര്‍ബന്ധ നിക്ഷേപ പദ്ധതി' ജീവനക്കാര്‍ക്ക് ബാധ്യതയാണ്. ഒരു പ്രയോജനവും ഇല്ലാത്ത മെഡിസെപ് ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപ ജീവനക്കാരില്‍ നിന്നും ഈടാക്കുന്നുണ്ട്. ശമ്പളത്തില്‍ നിന്നുള്ള 10 ശതമാനം വിഹിതം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരും നല്‍കണം. ഇതിന് പുറമെ ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയും ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവച്ചിട്ടുണ്ട്.

ശമ്പളം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണ്. നിക്ഷേപം നടത്താന്‍ ജീവനക്കാരെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഒരു പദ്ധതി അടിച്ചേല്‍പ്പിക്കുന്നതും ബലം പ്രയോഗിച്ച് പണം പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാകില്ല. താത്പര്യമുള്ള ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഭാഗമാകാമെന്ന് പറയാന്‍ മാത്രമേ സര്‍ക്കാരിന് കഴിയൂ. ശമ്പളം പിടിച്ചുവയ്ക്കുന്നത് കൊടുക്കാതിരിക്കുന്നതിന് തുല്യവും നിയമ വിരുദ്ധവുമാണ്. ജീവനക്കാര്‍ ജോലി ചെയ്യുന്നതിന് നല്‍കുന്ന ശമ്പളം കട്ടെടുക്കുന്നതിന് തുല്യമായ സമീപനമാണ് സര്‍ക്കാരിന്‍റേതെന്നും സതീശൻ കുറ്റപ്പെടുത്തി.

പദ്ധതി ജീവനക്കാരുടെ ശമ്പളം സർക്കാർ കൊള്ളയടിക്കുന്നതിന് തുല്യമെന്ന് കോൺഗ്രസ് പ്രവർത്ത സമിതി അംഗം രമേശ് ചെന്നിത്തലയും പറഞ്ഞു. ജീവനക്കാർ തന്നെ തങ്ങളുടെ സേവിങ്സ്, പ്രോവിഡന്‍റ് ഫണ്ട് ഉൾപ്പെടെ പല പദ്ധതികളിൽ നിക്ഷേപിക്കുന്നുണ്ട്. ജീവനക്കാരുടെ കാര്യത്തിൽ അവർക്കില്ലാത്ത ആശങ്ക സർക്കാരിന് വേണ്ട. ഇത് ഒരു തരം സിപിഎമ്മിന്‍റെ ബക്കറ്റ് പിരിവുപോലെയായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.

നിർബന്ധിതമാക്കുന്ന നിലയിലല്ല

"ജീവാനന്ദം' പദ്ധതി: ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഇൻഷ്വറന്‍സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ജീവാനന്ദം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ധനകാര്യ മന്ത്രിയുടെ ഓഫിസ്.

ജീവനക്കാർക്ക്, അവർ വിരമിച്ചതിനു ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന ഒരു പദ്ധതി "ആന്വിറ്റി' എന്ന പേരിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ആ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ചുമതലപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതിക്ക് "ജീവാനന്ദം' എന്ന പേരും നിശ്ചയിച്ചു.

ഈ പദ്ധതി എല്ലാ സർക്കാർ ജീവനക്കാർക്കും നിർബന്ധിതമാക്കുന്ന നിലയിലല്ല നടപ്പാകുക. ജീവനക്കാർക്ക് ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കാനും, അതിലൂടെ വിരമിച്ച ശേഷം ഒരു സ്ഥിര വരുമാനം ലഭ്യമാകാനുമുള്ള സൗകര്യം ഒരുക്കുന്നത് ആകണമെന്നാണ് ഉദ്യേശിക്കുന്നത്. ഇതു പൂർണമായും ഒരു ഇൻഷ്വറൻസ് പദ്ധതിയാണ്. ഇതിന് പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള പെൻഷൻ പദ്ധതികളുമായി ഒരു ബന്ധവുമില്ല.

മറ്റ് ഇൻഷ്വറൻസ് കമ്പനികൾ നൽകുന്ന ആന്വിറ്റി പോളിസികളിൽ നിന്ന് വ്യത്യസ്തമായി ജീവാനന്ദം പദ്ധതി നിലവിലുള്ള വിപണി മൂല്യത്തേക്കാൾ ഉയർന്നതും സ്ഥിരമായതുമായ പലിശ ഉറപ്പു വരുത്തും. തവണ വ്യവസ്ഥയിൽ പണം ഒടുക്കാനുള്ള സൗകര്യം ലഭ്യമാക്കും.

പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ ആക്ച്വറിയെ ചുമതലപ്പെടുത്താനാണ് തീരുമാനം. അതു തയാറായ ശേഷമേ നടപ്പിലാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ സാധിക്കൂ. സർക്കാർ ജീവനക്കാർക്കായി സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് പദ്ധതി (എസ്എൽഐ), ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി (ജിഐഎസ്), ജീവൻരക്ഷാ പദ്ധതി (ജിപിഎഐഎസ്) എന്നിവയാണ് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് വഴി നൽകിവരുന്ന സേവനങ്ങൾ. ഇവയെല്ലാം ജീവനക്കാരൻ വിരമിക്കുന്ന മുറയ്ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി അവസാനിപ്പിക്കും.

വിരമിച്ച ജീവനക്കാർക്ക് ഒരുവിധ ആനുകൂല്യവും സ്റ്റേറ്റ് ഇൻഷ്വറൻസ് വകുപ്പിൽനിന്ന് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് വിരമിച്ച ശേഷവും നിശ്ചിത പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന നിലയിലുള്ള ഒരു ഇൻഷ്വറൻസ് പദ്ധതി നിർദേശം മുന്നോട്ടുവച്ചതെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com