ആശമാർ‌ക്ക് ഐക്യദാർഢ്യം; നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം സമരപ്പന്തലിൽ

ഇത്രയും നേരം സഭയില്‍ പങ്കെടുത്ത ശേഷം സഭ ബഹിഷ്‌കരിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു.
Opposition supports strike of ASHA workers

ആശമാർ‌ക്ക് ഐക്യദാർഢ്യം; നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം സമരപ്പന്തലിൽ

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷം ന‌ിയമസഭയിൽ മന്ത്രിമാരുടെ മറുപടി ബഹിഷ്ക്കരിച്ച‌ു. ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസിൽ നിന്നുള്ള എ.പി അനില്‍കുമാര്‍ സംസാരിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭ ബഹിഷ്‌കരിക്കുന്നതായി അറിയിച്ചത്. ഇത്രയും നേരം സഭയില്‍ പങ്കെടുത്ത ശേഷം സഭ ബഹിഷ്‌കരിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം മന്ത്രിമാരുടെ മറുപടി കേള്‍ക്കാതെ സഭയില്‍ നിന്ന് വിട്ടുനില്‍ക്കാനുളള പ്രതിപക്ഷത്തിന്‍റെ തീരുമാനത്തെയും സ്പീക്കര്‍ വിമര്‍ശിച്ചു. സ്പീക്കറും മന്ത്രിമാരും പ്രതിപക്ഷത്തോട് നീതികാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയില്‍ നിന്ന് വീട്ടുനില്‍ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

അടിയന്തര പ്രമേയത്തിലൂടെ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടിരുന്നുവെന്നും എന്നാല്‍ സമരത്തെ അധിക്ഷേപിക്കാനും പരിഹസിക്കാനുമാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തുടക്കം മുതല്‍ക്കെ ശ്രമിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു. സമരം ചെയ്യുന്ന സംഘടനയെ കുറിച്ചും സമരത്തില്‍ പങ്കെടുക്കുന്നവരെ കുറിച്ചും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ മന്ത്രിമാര്‍ നടത്തിയപ്പോള്‍ പ്രതിപക്ഷം അതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയോട് ഫോണിലും നേരില്‍ സന്ദര്‍ശിച്ചും സമരം തീര്‍ക്കാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നേരിട്ട് അഭ്യര്‍ത്ഥിച്ചതിനു ശേഷമാണ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആശമാരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം.

ഈ പ്രശ്‌നം പരിഹരിച്ചാല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ആദ്യം അഭിനന്ദിക്കുന്നത് പ്രതിപക്ഷ നേതാവായിരിക്കും. ഇതില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ല. ജോലിഭാരത്തിന് തുല്യമായി നീതിപൂര്‍വകമായ വേതനം ആശ പ്രവര്‍ത്തകര്‍ക്ക് ലഭിക്കണം. സമരത്തെ പരിഹസിച്ചപ്പോഴാണ് മന്ത്രിമാരുടെ മറുപടി ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ എത്തിയത്. സമരത്തിന് ന്യായമായ പരിഹാരം ഉണ്ടാകും വരെ കൂടെയുണ്ടാകുമെന്നും സതീശൻ. മന്ത്രിമാരുടെ മറുപടി ബഹിഷിക്കരിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും ജാഥയായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച ആശ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com