പാലക്കാട് സ്കൂൾ വെടിവയ്പ്പ്; ഒമ്പതാം ക്ലാസ് വിദ‍്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

ഡിസംബർ 5 വരെ കുട്ടിയെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്
palakkad school shooting student juvenile home

പാലക്കാട് സ്കൂൾ വെടിവയ്പ്പ്; ഒമ്പതാം ക്ലാസ് വിദ‍്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

പ്രതീകാത്മക ചിത്രം- എഐ

Updated on: 

തൃത്താല: തൃത്താല പരതൂർ ഹയർസെക്കണ്ടറി സ്കൂളിലെ സഹപാഠിക്കെതിരേ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിസംബർ 5 വരെ കുട്ടിയെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്.

തൃത്താല പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസം അർധരാത്രി കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയിരുന്നു. വെടിയേറ്റ കുട്ടിയുടെ ശരീരത്തിൽ‌ തറച്ച വെടിയുണ്ട പൊലീസ് കോട്ടക്കലിലെ സ്വകാര‍്യ ആശുപത്രിയിൽ നിന്നും ശേഖരിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ഫൊറൻസിക് പരിശോധനയ്ക്ക് അ‍യക്കുക.

സംഭവത്തിൽ പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഒരു ദിവസം കൂടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കുട്ടിയുടെ ആരോഗ‍്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ വ‍്യക്തമാക്കിയിട്ടുണ്ട്. തോക്ക് കൈവശം വച്ചതിന് കഴിഞ്ഞ ദിവസം ഒമ്പതാം ക്ലാസുകാരന്‍റെ മാതാവ് ഹഫ്സത്തിനെതിരേ കേസെടുത്തിരുന്നു. തോക്ക് കുട്ടിയുടെ മുത്തച്ഛന്‍റേതാണെന്നാണ് കണ്ടെത്തിയിരുന്നു.

മുൻപ് ഉത്തരേന്ത‍്യയിലും മറ്റും നിർമിച്ചിരുന്ന തോക്കാണിതെന്നാണ് വിവരം. പഞ്ചാബിലെ കിർക്കി ഫാക്റ്ററിയിൽ നിർമിച്ച പഴയ 6 വെടിയുണ്ടകളാണ് തോക്കിലുള്ളത്. മുത്തച്ഛന്‍റെ മരണശേഷം തോക്ക് അലമാരയിൽ‌ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. തോക്ക് എങ്ങനെ കുട്ടിയുടെ കൈയിലെത്തിയെന്നത് അടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. അതേസമയം, അബദ്ധത്തിൽ സംഭവിച്ചതല്ലിതെന്നും സഹപാഠിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടി തോക്കുമായെത്തിയതെന്നും ടി.എം. ശശി എംഎൽഎ പറഞ്ഞു. മനപൂർവമാണ് കുട്ടി വെടിയുതിർത്തതെന്നാണ് എംഎൽഎയുടെ ആരോപണം.