

തീ പിടിച്ച കാർ, മരിച്ച സോന
കോഴിക്കോട്: പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സോനയുടേത് ആസൂത്രിത കൊലപാതകമാണെന്നാണ് ആരോപണം. കൃത്യമായ പൊലീസ് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
അതിനിടെ അപകടകാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കാറിനുള്ളിലെ വയറിങ്ങിനും ഇന്ധനടാങ്കിനും തകരാറില്ലെന്ന് കണ്ടെത്തിയിരുന്നു. തീപിടുത്തമുണ്ടായത് കാറിന് പിന്നിൽ നിന്നാണ് എന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയത്.
ചെറുവണ്ണൂരിൽ വച്ച് വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കക്കറമുക്ക് സ്വദേശി റിജിൻ ലാലും ഭാര്യ സോനയും സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറിന് തീപിടിച്ചതോടെ റിജിൻ പുറത്തിറങ്ങിയെങ്കിലും സോന പിൻസീറ്റിൽ കുടുങ്ങുകയായിരുന്നു. കാറിന്‍റെ തീ പൂർണമായി അണച്ചപ്പോഴാണ് ഭാര്യ പിൻസീറ്റിലുണ്ടെന്ന വിവരം റിജിൻ നാട്ടുകാരോട് പറയുന്നത്. ആറ് മാസം ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 60 ശതമാനം പൊള്ളലേറ്റ് റിജിൻ ചികിത്സയിലാണ്. മൂന്ന് വർഷം മുൻപാണ് റിജിനും സോനയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. വിദേശത്തായിരുന്ന റിജിൻ ലാൽ ഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്.