സാധനം വാങ്ങുന്നതിന്‍റെ പേരിൽ തർക്കം, ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 കാരി മരിച്ചു

അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം
husband killed wife in perinthalmanna

ഷഫ്ന, മുൻഷാദ്

Updated on

പെരിന്തൽമണ്ണ: സാധനം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ‌ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയുടെ മരണത്തിൽ അറസ്റ്റിലായ ഭർ‌ത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ഷഫ്നയ്ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആദ്യം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുൻഷാദിന് ഭാര്യയെ സംശയമായിരുന്നു എന്നും ഇതാണ് വാക്കുതർക്കത്തിലേക്കും ക്രൂരകൃത്യത്തിലേക്കും നയിച്ചതെന്നും പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു.

അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേരുടെയും രണ്ടാംവിവാഹമാണ്. രണ്ടുപേർക്കും ആദ്യവിവാഹത്തിൽ ഓരോ കുട്ടിയുമുണ്ട്. മുൻഷാദിന്‍റെ ആദ്യഭാര്യ അപസ്മാരത്തെത്തുടർന്ന് മരണപ്പെട്ടു എന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ ആദ്യഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുമായി പൊലീസും ഫൊറൻസിക് വിദഗ്ധരും ഇബ്രാഹിംപടിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

logo
Metro Vaartha
www.metrovaartha.com