സഭ ശുപാർശ ചെയ്ത ആളെ റവന്യൂ മന്ത്രിയുടെ സെക്രട്ടറിയാക്കി; വെളിപ്പെടുത്തലുമായി തലശേരി ആർച്ച്ബിഷപ്പ് പാംപ്ലാനി

തലശേരി അതിരൂപതയുടെ കീഴിലെ കാസർഗോഡ് വെള്ളരിക്കുണ്ട് ഫെറോനയിൽ നടന്ന പരിപാടിയിൽ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിലാണ് ആർച്ച്ബിഷപ്പിന്‍റെ വെളിപ്പെടുത്തൽ
A.P. Anil Kumar, Mar Joseph Pamplany

എ.പി. അനിൽ കുമാർ, മാർ ജോസഫ് പാംപ്ലാനി

Updated on: 

കാസർഗോഡ്: റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിന്‍റെ സെക്രട്ടറിയായി നിയമിച്ചത് സഭ നിർദേശിച്ച ആളെയാണെന്ന് സീറോ മലബാർ സഭ തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയുടെ കീഴിലെ കാസർഗോഡ് വെള്ളരിക്കുണ്ട് ഫെറോനയിൽ നടന്ന പരിപാടിയിൽ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിലാണ് ആർച്ച്ബിഷപ്പിന്‍റെ വെളിപ്പെടുത്തൽ. ജെൻ സി അതിരൂപതാ യുവജനദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുടെ ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കാനും തയ്യാറാകുന്ന മന്ത്രിമാരിൽ ഒരാളാണ് അനിൽകുമാറെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിയുടെ സ്റ്റാഫിൽ സഭയ്ക്ക് സ്വീകാര്യനായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ബിഷപ്പുമാരുടെ സംഘം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന സഭയ്ക്ക് സ്വീകാര്യനായ ഏതെങ്കിലും ഉദ്യോഗസ്ഥനെ നിർദേശിക്കാമെന്നും അദ്ദേഹത്തെ നിയമിക്കാമെന്നും മന്ത്രി ഉറപ്പുനൽകി. ആദ്യം മന്ത്രിയുടെ ഉറപ്പ് ഔപചാരികമായ വാക്കുകൾ മാത്രമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ സഭ നിർദേശിച്ച വ്യക്തിയെ തന്നെ മന്ത്രി സെക്രട്ടറിയായി നിയമിച്ചെന്ന് പാംപ്ലാനി പറഞ്ഞു.

മലയോര മേഖലയിലെ കർഷകർ നേരിടുന്ന ഭൂമി സംബന്ധമായ പ്രശ്നങ്ങൾ മനസിലാക്കുന്ന ഒരാൾ മന്ത്രിയുടെ ഓഫീസിലുണ്ടാകണമെന്നായിരുന്നു സഭയുടെ ആവശ്യം. ഇത്തരം പ്രശ്നങ്ങൾ കർഷകരുടെ അടിസ്ഥാനപരമായ ആശങ്കകളിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലയോര മേഖലയിലെ ഭൂമി പ്രശ്നങ്ങൾ, കർഷകരുടെ ആവശ്യങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ പാംപ്ലാനി നേരത്തെയും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. 2023ൽ റബറിന്‍റെ താങ്ങുവില കിലോഗ്രാമിന് 300 രൂപയായി ഉയർത്തിയാൽ സംസ്ഥാനത്ത് ബിജെപിക്ക് എംപി ഉണ്ടാകാൻ സഭ സഹായിക്കുമെന്ന് പാംപ്ലാനി പറഞ്ഞത് വിവാദമായിരുന്നു.