പേഴ്സണൽ സ്റ്റാഫിനു പെൻഷൻ: സർവീസ് പരിധി ഉയർത്തി

മുൻകാല പ്രാബല്യമില്ല, പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കു മാത്രമായിരിക്കും പുതിയ നിബന്ധന ബാധകം.
pension service limit for ministers’ personal staff
Representative image of a Kerala Government file
Updated on

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സതീശൻ സർക്കാർ. നിലവില്‍ 2 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ പെന്‍ഷന് അര്‍ഹതയുണ്ടായിന്നു. ഇതു നാല് വർഷമായി ഉയർത്തി.

രണ്ട് വര്‍ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ 3 വര്‍ഷമായി കണക്കാക്കിയും പെന്‍ഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സര്‍വീസ് ഉണ്ടെങ്കില്‍ മാത്രം പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കി. അങ്ങനെ വരുമ്പോള്‍ രണ്ടര വർഷം എന്ന ടേം വ്യവസ്ഥയിലുള്ള മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ ഇതു ബാധിക്കും.

പുതിയ നിബന്ധനയ്ക്ക് മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തില്ല. അതിനാല്‍ നിലവില്‍ 4 വര്‍ഷത്തില്‍ കുറവുള്ള സര്‍വീസിന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അത് തുടര്‍ന്നും ലഭിക്കും. പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കു മാത്രമായിരിക്കും പുതിയ നിബന്ധന ബാധകം.

രണ്ടുവര്‍ഷം കഴിയുമ്പോള്‍ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടു കൂട്ടരെയും പെന്‍ഷന് അര്‍ഹരാക്കുന്ന രീതിയായിരുന്നു തുടര്‍ന്നിരുന്നത്. കേരളത്തില്‍ മാത്രമാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കുന്നത്.

കേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് 15 പേരെ മാത്രമേ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാനാവൂ. തമിഴ്‌നാട്ടില്‍ ഒരാളെമാത്രമേ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാവൂ, ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരായിരിക്കണം. കര്‍ണാടകയില്‍ 14 പേരെ സ്വന്തം നിലയില്‍ വയ്ക്കാം. കേരളത്തില്‍ 25 പേരെ പേഴ്‌സണല്‍ സ്റ്റാഫാക്കാം. അതില്‍ 17 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം.

1994ല്‍ കെ കരുണാകരന്‍ സര്‍ക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനെതിരേ സുപ്രീം കോടതി ഉള്‍പ്പെടെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും ആ രീതി അവസാനിപ്പിക്കാന്‍ മുന്‍ സര്‍ക്കാരുകളൊന്നും തയാറായിരുന്നില്ല. ഇതിനെതിരേ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി രംഗത്തുവരികയും വിഷയം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com