
ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി. ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹർജി നൽകിയിരിക്കുന്നത്. പരിപാടി തടഞ്ഞില്ലെങ്കിൽ സർക്കാരുകൾ മതസംഗമങ്ങൾ എന്ന പേരിൽ രാഷ്ട്രീയ പരിപാടികൾ നടത്തുമെന്നും ഹർജിയിലുണ്ട്. പമ്പയുടെ തീരത്ത് സെപ്റ്റംബർ 20നാണ് സംഗമം.
പമ്പാതീരം പരിസ്ഥിതി ലോല പ്രദേശമാണെന്നും അവിടെ സംഗമം നടത്തുന്നത് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന് മതേതരത്വമാണ്. ഏതെങ്കിലും ഒരു മതത്തിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല. ചട്ടപ്രകാരം തിരുവിതാംകൂർ ദേവസ്വത്തിന് ആഗോള മതസംഗമം നടത്താൻ കഴിയില്ല.
ദേവസ്വം ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോ പ്രചാരണങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല. പരിപാടിയിലേക്ക് നിരീശ്വരവാദികളെ ക്ഷണിച്ചിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന്‍റെ ഭാഗമായാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.