
പാലോട് രവി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്ന് പറയുന്ന തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ശബ്ദ സന്ദേശം പുറത്ത്. വെഞ്ഞാറമ്മൂട് ഭാഗത്തെ ഒരു പ്രാദേശിക നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പാർട്ടിയെ വെട്ടിലാക്കി പാലോട് രവിയുടെ പരാമർശം. അതേസമയം, സംഭാഷണം പുറത്തായതോടെ വിശദീകരണവുമായി ഡിസിസി അധ്യക്ഷൻ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ, പാർട്ടിക്കെതിരായ പരാമർശങ്ങൾ ഡിസിസി അധ്യക്ഷൻ തന്നെ ഉന്നയിച്ചതോടെ കോൺഗ്രസ് നേതൃത്വം കുടുക്കിലായി.
വെഞ്ഞാറമ്മൂട്ടിൽ പ്രാദേശികമായി പ്രവർത്തകർ വീട് കയറിയിറങ്ങി പ്രവർത്തിക്കണമെന്നും ജനങ്ങളുടെ പരാതികൾ കേട്ട് പരിഹാരമുണ്ടാക്കി മുന്നോട്ടുപോകുകയും വേണമെന്ന നിർദേശത്തിനൊപ്പമാണ് തദ്ദേശ തെരഞ്ഞെടുപ്പോടെ പാർട്ടിയിലുണ്ടാകാൻപോകുന്ന മാറ്റങ്ങളെ കുറിച്ച് പാലോട് രവി പരാമർശിക്കുന്നത്. എൽഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറയുന്നു.
കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് താഴെ വീഴും. അറുപത് മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാമതാകും. എൽഡിഎഫ് ഭരണം തുടരുമെന്നും, അതോടെ കോൺഗ്രസിന്‍റെ അധോഗതിയായിരിക്കുമെന്നും പാലോട് രവി പറഞ്ഞു. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടികളിലേക്കും പോകുമെന്നും പാലോട് രവി പറയുന്നു.ജനങ്ങളോട് നാട്ടിലിറങ്ങി സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ കോൺഗ്രസിന് ആളുകൾ ഉള്ളൂ എന്നും, ഒറ്റയൊരാൾക്കും ആത്മാർഥതയോ പരസ്പര സ്നേഹമോ ഇല്ലെന്നും പാലോട് രവി പറയുന്നു. എന്നാൽ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകനു നല്‍കിയത് ജാഗ്രതാ നിര്‍ദേശം മാത്രമാണെന്നും വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന് താക്കീത് നല്‍കുകയായിരുന്നുവെന്നും പാലോട് രവി പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഈ സര്‍ക്കാര്‍ മാറണമെന്നാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം നടത്തി നല്ല ടീം വര്‍ക്കോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയതെന്നും പാലോട് രവി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒന്‍പത് എംഎല്‍എമാര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുണ്ടായിരുന്നു. അതുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയത്. രണ്ടു പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ തള്ളിക്കയറിയ ജില്ലയാണ് തിരുവനന്തപുരം. എന്നിട്ടും പാര്‍ലമെന്‍റ് മണ്ഡലങ്ങൾ രണ്ടും നിലനിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റം ഉണ്ടാക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം ഉണ്ടാകും. അത്തരത്തില്‍ വലിയ ആത്മവിശ്വാസം ഈ ജില്ലയിലുള്ള ടീം ലീഡര്‍മാര്‍ക്ക് ഉണ്ട്. യഥാര്‍ഥത്തില്‍ താക്കീത് നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.'