അധികാരത്തില്‍ കയറുന്നത് പ്രതികാരം വീട്ടാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തിന്‍റെ മോന്തായം വളഞ്ഞ അവസ്ഥയിലാണ്. കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്
pinarayi vijayan criticizes vd satheesan speech

മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ കണ്ണൂരിലെ പ്രസംഗത്തിനെതിരേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. വിഷയം വളരെ നിസാരമായാണ് പലരും കാണുന്നതെന്നും മാധ്യമങ്ങളെല്ലാം ശ്രദ്ധയിൽ പെടാത്തത് പോലെയാണ് കൈകാര്യം ചെയ്തതെന്നും പിണറായി വിജയൻ വിമർശിച്ചു. ജനങ്ങളെ സേവിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇത്തരമൊരു പ്രസംഗം നടത്തിയതെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സർക്കാർ അധികാരത്തിൽ കയറുന്നത് ആരോടും പക തീർക്കാനല്ലെന്നും പ്രതികാരം ചെയ്യുകയാണോ അധികാരം ഏറ്റ സർക്കാർ ചെയ്യേണ്ടതെന്നും പിണറായി വിജയൻ ചോദിച്ചു. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് അദ്ദേഹത്തിന്‍റെ പ്രസംഗം വായിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ മോന്തായം വളഞ്ഞ അവസ്ഥയിലാണ്. കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ജനകീയ വികസന മാതൃക ഇല്ലാതാക്കി. നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം കോർപറേറ്റ് ശക്തികൾ കയ്യടക്കാൻ അവസരം ഉണ്ടാക്കുന്നു. ആസൂത്രണ പ്രക്രിയ സ്വകാര്യ വ്യക്തികൾക്ക് അടിയറ വയ്ക്കുകയാണ്. സാധാരണക്കാർ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയിലാണ്. ബജറ്റിനു പുറത്തു നിന്ന് സ്വകാര്യ നിക്ഷേപത്തിനു സർക്കാർ ശ്രമിക്കുന്നു. കേരളത്തിൽ കുടുംബശ്രീയും സഹകരണ സംഘങ്ങളും വരെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം ചേർത്ത് സ്വകാര്യവൽക്കരിക്കുകയാണ്. കിഫ്ബിയെ പൂർണമായും ഇല്ലാതാക്കി.

ഗവർണറുമായി സംഘർഷത്തിന് ഇല്ലെന്ന സർക്കാർ നിലപാട് വിചിത്രമാണ്. അവിശുദ്ധ നീക്കം ഇതിനു പിന്നിലുണ്ട്. കേന്ദ്ര സർക്കാരിനു മുന്നിൽ വഴങ്ങുകയാണ് യുഡിഎഫ്. മോദി സർക്കാരിനു മുന്നിൽ അടിയറവു പറയുന്ന രീതി ആണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് എത്ര എസ്ഐടി ഉണ്ടെന്നറിയാൻ എസ്ഐടി കമ്മിഷൻ വയ്ക്കേണ്ട അവസ്ഥയാണെന്നും പിണറായി വിജയൻ‌ പറഞ്ഞു.

തങ്ങൾ കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്ന പാർട്ടിയല്ല. ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായ പാർട്ടിയാണ് സിപിഎം. 580 പ്രവർത്തകരാണ് രക്ത സാക്ഷികളായത്. ഒരുപാട് നഷ്ടങ്ങൾ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. ഒട്ടേറെ സഖാക്കളെ നഷ്ടമായിട്ടുണ്ട്. അതിന് പ്രതികാരം ചെയ്തു തീർക്കാൻ അല്ല ശ്രമിച്ചത്. മറിച്ച് കൂടുതൽ ജനങ്ങളുടെ പിന്തുണ നേടാനാണ് ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.