

പിണറായി വിജയൻ, വി.ഡി. സതീശൻ
തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ കമ്പനിയുമായി യുഡിഎഫ് സർക്കാരുണ്ടാക്കിയ കരാർ പകൽകൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ വിമർശനവുമായി രംഗത്തെത്തിയത്.
കെഎസ്ഇബി ചെയർമാനും പവർ സെക്രട്ടറിയും ഒരാൾ തന്നെ ആയിരുന്നത് ചൂണ്ടിക്കാട്ടി വിഇഎച്ച് ഗ്ലോബലുമായുള്ള ഇടപാട് കേവലം ഐഎഎസ് തലത്തിൽ നടന്നതുമാത്രമാണെന്ന വിധത്തിൽ ചിത്രീകരിക്കാൻ ശ്രമങ്ങളുണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങൾ ഇതിനകം പുറത്തു വന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി കണ്ടംഗീകരിച്ചാണ് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദേശം നൽകിയത് എന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കുന്നതാണ് പുറത്തു വന്ന രേഖകളെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
4 രൂപയിൽ താഴെ ലഭിക്കേണ്ട കാറ്റാടി വൈദ്യുതി, എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി ടെൻഡറോ റെഗുലേറ്ററി കമ്മീഷൻ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാൻ വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്. 496 കോടി രൂപയുടെ ഈ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുകയാണ്. ഹിമാചൽ പവർ കോർപ്പറേഷനിൽ നിന്നുള്ള വൈദ്യുതി എനര്‍ജി എക്‌സ്‌ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കിൽ യൂണിറ്റിന് 14.5 രൂപയ്ക്കാണ് കെ.എസ്.ഇ.ബി വാങ്ങിയത്. ഒക്‌ടോബറിൽ 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാര്‍ പ്രകാരം ഹിമാചലിൽ നിന്നും വാങ്ങിയത്. നിയമ-ധന വകുപ്പുകളുടെ പരിശോധനയില്ലാതെ ഇല്ലാതെ ഫയലിന്മേല്‍ ശരവേഗത്തിൽ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നല്‍കിയ ഈ രണ്ട് ഇടപാടുകളും ദുരൂഹമാണ്.
കെ.എസ്.ഇ.ബി ചെയർമാനും പവർ സെക്രട്ടറിയും ഒരാൾ തന്നെ ആയിരുന്നത് ചൂണ്ടിക്കാട്ടി വി.ഇ.എച്ച് ഗ്ലോബലുമായുള്ള ഇടപാട് കേവലം ഐ.എ.എസ് തലത്തിൽ നടന്നതുമാത്രമാണെന്ന വിധത്തിൽ ചിത്രീകരിക്കാൻ ശ്രമങ്ങളുണ്ടായി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങൾ ഇതിനകം പുറത്തു വന്നിരിക്കുകയാണ്. മുഖ്യമന്ത്രി കണ്ടംഗീകരിച്ചാണ് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദ്ദേശം നൽകിയത് എന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കുന്നതാണ് പുറത്തു വന്ന രേഖകൾ.
അത്തരം ഒരു കരാറിലേർപ്പെടാൻ യാതൊരു അടിയന്തിര സാഹചര്യവും കേരളത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത്തരം അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കിൽ വൈദ്യുതി ഉറപ്പുള്ള കരാറിലാണല്ലോ ഏർപ്പെടേണ്ടിയിരുന്നത്. ഈ കരാറിൽ നിന്നും 17 ദിവസം മാത്രമേ വൈദ്യുതി കിട്ടിയുള്ളൂ എന്നതും വാഗ്‌ദാനം ചെയ്യപ്പെട്ടതിൻ്റെ പത്തു ശതമാനം വൈദ്യുതി പോലും ആകെ കിട്ടിയിട്ടില്ല എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. അപ്പോൾ ഇത്തരത്തിൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കരാറിൽ അതും കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്നുപോലും ഏർപ്പെടാൻ എന്താണ് കാരണം?
നവംബർ പത്താം തിയ്യതി നൽകിയ പത്രകുറിപ്പിൽ ജി.എൻ.എ കരാർ റദ്ദാക്കിയതു കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല എന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം യൂണിറ്റിന് 11 രൂപ നിരക്കിൽ കരാർ വെച്ചു വൈദ്യുതി വാങ്ങിക്കഴിഞ്ഞ വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായുണ്ടാക്കിയ ഇടപാടിലെ ദുരൂഹതയും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം പരാമർശിക്കുക പോലും ചെയ്തില്ല.
ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്. അപ്രധാന വിഷയങ്ങളിൽ തൂങ്ങി പ്രധാനവിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്ന അദ്ദേഹത്തിന്റെ സ്ഥിരംശൈലി അംഗീകരിക്കാൻ കഴിയില്ല. വി.ഇ.എച്ച് ഗ്ലോബലുമായുള്ള കരാറിനെ സംബന്ധിച്ച് റെഗുലേറ്ററി കമ്മിഷൻ ഉന്നയിച്ച 15 ചോദ്യങ്ങളും യുഡിഎഫ് സർക്കാരിന്റെ വഴിവിട്ട നീക്കങ്ങളെയാണ് വെളിവാക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികളാകെ സംശയം സൃഷ്ടിക്കുന്നതും ജനങ്ങൾക്ക് അമിതഭാരവും ദുരിതവും സമ്മാനിക്കുന്നതുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തു വിടാനും നേരത്തെ ആവശ്യപ്പെട്ട നിലയിൽ സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ തയ്യാറായേ പറ്റൂ