"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ

പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ലെന്നും തോൽവിക്ക് കാരണം ബഹുജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണെന്നുമാണ് പിണറായി പറഞ്ഞത്
pinarayi vijayan on payyannur failure

പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Updated on

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ പരാജയത്തിൽ പാർട്ടി വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ലെന്നും തോൽവിക്ക് കാരണം ബഹുജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണെന്നുമാണ് പിണറായി പറഞ്ഞത്. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസീരിക്കുകയായിരുന്നു പിണറായി വിജയൻ.

പാർട്ടി വിട്ടുപോയവർക്കും വിമതർക്കുമെതിരെ പിണറായി രൂക്ഷവിമർശനം ഉന്നയിച്ചു. സിപിഎം പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല പയ്യന്നൂർ. ടി.ഐ. മധുസൂദനന്റെ വ്യക്തിപരമായ തോൽവിയായി കാണുന്നില്ല. വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി മാറുകയായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

"ഏത് കുത്തൊഴുക്കിനെയും നേരിടാനുള്ള അവസ്ഥയായിരുന്നു പയ്യന്നൂർ മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ‌സംസ്ഥാനത്ത് പാർട്ടിക്കെതിരെയും എൽഡിഎഫിനെതിരെയും അഴിച്ചുവിടുന്ന ഏതു പ്രചാരവേലയെയും നേരിടാനുള്ള കരുത്തുള്ള മണ്ഡലമായിരുന്നു പയ്യന്നൂർ. പയ്യന്നൂർ മണ്ഡലത്തിലെ വോട്ടർമാർ വലിയതോതിൽ സിപിഎമ്മിനെയും എൽഡിഎഫിനെയും സ്നേഹിക്കുന്നവരായിരുന്നു. അങ്ങനെയുള്ള ആളുകളിൽ സിപിഎമ്മിനെ കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള ശ്രമം നടത്തി. പലപ്പോഴും എതിരാളികൾ അങ്ങനെ ചെയ്തിരുന്നു. എന്നാൽ അതൊന്നും പാർട്ടിക്ക് പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ സംഭവിച്ചത്, പാർട്ടിയുടെ നേതൃതലത്തിൽ നിന്ന് പാർട്ടിയെ തകർക്കാൻ ശ്രമിച്ചു. പാർട്ടിയെ തകർക്കുന്ന മറ്റു ബന്ധങ്ങൾ സ്ഥാപിച്ചു. കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന നിലവന്നു. അവിടെ സത്യത്തിനും വസ്തുതയ്ക്കും ചെറിയ മങ്ങലേറ്റു."

തെറ്റ് കണ്ടാൽ കൃത്യമായ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും, പയ്യന്നൂരിലെ ആരോപണങ്ങളിൽ പാർട്ടി കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ പാർട്ടി ശത്രുക്കൾക്ക് വിലക്കെടുക്കാൻ കഴിയുന്നവരായി അധഃപതിച്ചെന്നും, എതിരാളികൾ നേടിയത് താൽക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുവിന്റെ കയ്യിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറി. തെറ്റ് ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന രീതിയാണ് പാർട്ടിയുടേത്. ചെറിയ തോതിൽ വഴിതെറ്റിപ്പോയവരെല്ലാം തെറ്റുകൾ തിരുത്തി വീണ്ടും പാർട്ടിയോടൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

logo
Metro Vaartha
www.metrovaartha.com