പികെവി പുരസ്കാരം മുൻ എംഎൽഎ കെ. പ്രകാശ് ബാബുവിന്

നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുരസ്‌കാരം സമർപ്പിക്കും.
PKV Award for former MLA K. Prakash Babu

അഡ്വ. കെ. പ്രകാശ് ബാബു

Updated on

കോട്ടയം: മുൻ എംഎൽഎ അഡ്വ. കെ. പ്രകാശ് ബാബുവിനെ 2025ലെ പികെവി പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തു. 10,001രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈസ് ചാൻസിലറും ദേശീയന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷൻ അംഗവും ആയിരുന്ന ഡോ. സിറിയക് തോമസ് ചെയർമാനും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്‍റ് ബാബു കെ. ജോർജ്, സാഹിത്യകാരൻ രവി പുലിയന്നൂർ എന്നിവർ അംഗങ്ങളായ ജൂറിയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പി.കെ. വാസുദേവൻ നായരുടെ ഓർമ നിലനിർത്തുവാൻ ജന്മനാടായ കിടങ്ങൂരിൽ രൂപീകരിച്ച പികെവി സെന്‍റർ ഫോർ ഹ്യൂമൻ ഡെവലപ്പ്മെന്‍റ് ആന്‍റ് കൾച്ചറൽ അഫയേഴ്സ് പൊതുജീവിതത്തിൽ മഹത്തായ സംഭാവകൾ നൽകുന്ന വ്യക്തികളെ എല്ലാ വർഷവും തെരഞ്ഞെടുത്ത് പികെവി പുരസ്‌കാരം നൽകി ആദരിക്കാറുണ്ട്. പൊതുരംഗത്തെ സമഗ്രമായ സംഭാവനകൾ, പാർലമെന്‍ററി രംഗത്തുള്ള മികവാർന്ന പ്രവർത്തനങ്ങൾ, ഭരണ- ഭരണേതര രംഗത്തെ സംഭാവനകൾ മുതലായ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. പികെവി പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ സ്വന്തം ജീവിതത്തിലും പ്രവർത്തന മേഖലകളിലും ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് മുൻ എംഎൽഎ അഡ്വ. കെ. പ്രകാശ് ബാബു എന്ന് ജൂറി വിലയിരുത്തി.

ജൂലൈ 12ന് വൈകിട്ട് 4.30ന് കിടങ്ങൂർ ഗവ. ബോയ്‌സ് എൽപി സ്‌കൂൾ അങ്കണത്തിൽ പികെവി സെന്‍റർ പ്രസിഡന്‍റ് ജി. വിശ്വനാഥൻ നായരുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുരസ്‌കാരം സമർപ്പിക്കും. ജലവിഭവ മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണവും ജോസ് കെ. മാണി എംപി അനുമോദന പ്രഭാഷണവും ഡോ. സിറിയക് തോമസ് പികെവി സ്‌മാരക പ്രഭാഷണവും നടത്തും. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ നിമ്മി ട്വിങ്കിൾരാജും ചികിത്സാ സഹായങ്ങൾ ജോസ്മോൻ മുണ്ടയ്ക്കലും വിതരണം ചെയ്യും. സി.കെ. ശശിധരൻ, ടി.ആർ. രഘുനാഥൻ, അഡ്വ. വി.കെ. സന്തോഷ്‌കുമാർ, അഡ്വ. വി.ബി. ബിനു, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഗീത സുരേഷ്, ബാബു കെ. ജോർജ്, പി.കെ. ഷാജ് കുമാർ, പി.ജി. ത്രിഗുണസെൻ എന്നിവർ അനുസ്‌മരണ പ്രഭാഷണങ്ങൾ നടത്തും. ജൂറി അംഗം ബാബു കെ. ജോർജ്, പി.കെ.വി. സെന്‍റർ ഭാരവാഹികളായ അഡ്വ. വി.റ്റി. തോമസ്, പി. രാധാകൃഷ്‌ണൻ നായർ എന്നിവർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com