

കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമത്തിൽ പരാതി നൽകാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമല്ല; ഹൈക്കോടതി
file image
കൊച്ചി: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകുന്നു എന്നത് കേസ് റദ്ദാക്കാനുള്ള കാരണമല്ലെന്ന് കേരള ഹൈക്കോടതി. മതിയായ തെളിവുകളുണ്ടെങ്കിൽ കേസ് രജിസ്റഅറർ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു.
പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശിയായ യുവാവിനെ കുറ്റക്കാരനായി കണ്ടെത്തിയ നടപടി ശരിവച്ചുകൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വീട്ടിൽ പെൺകുട്ടി ഒറ്റക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുയും നഗ്ന ചിത്രങ്ങൾ പകർത്തുകയും പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാണ് അമ്മയ്ക്കൊപ്പം പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. 2010 ഡിസംബർ 12 ന് നടന്ന സംഭവത്തിൽ 2011 ജനുവരി 4 നാണ് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ പരാതി നൽകാൻ കാലതാമസം നേരിട്ടെന്നതുൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടായതിന് വ്യക്തമായ കാരണമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് കോടതി പ്രതിക്ക് 7 വർഷം ശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരേ അപ്പീലുമായാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.