

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിന്റെ 'ക്ലിക്ക്'
കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുറ്റകൃത്യങ്ങൾ നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അവ സംഭവിക്കുന്നതിനുമുമ്പ് ഫലപ്രദമായ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസിന്റെ സൈബർ വിഭാഗം രൂപകൽപ്പന ചെയ്ത 'ക്ലിക്ക് ' (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) സൈബർ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സൈബർ കുറ്റകൃത്യങ്ങൾ തടയാനും ആരംഭിച്ച പദ്ധതിയാണിത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികളെ ക്യാപ് അണിയിച്ച് മമ്മൂട്ടി പദ്ധതിയിൽ പങ്കാളികളാക്കി.
ആറ്റം ബോംബ് ഊർജം ഉത്പാദിപ്പിക്കാനും ലോകത്തെ നശിപ്പിക്കാനും പറ്റുന്ന കണ്ടുപിടുത്തമാണ്. അതുപോലെ ഒരു കണ്ടുപിടുത്തമാണ് ഇന്റർനെറ്റെന്ന് മമ്മൂട്ടി. സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക. കുറ്റകൃത്യങ്ങൾക്കെതിരേ ജാഗ്രത പുലർത്താൻ സാമാന്യ വിദ്യാഭ്യാസം പോരാ. ഒരോരുത്തരും ക്ലിക്കിന്റെ ക്യാപ്റ്റന്മാരാകണം.
സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാടുപേരുണ്ട്. മുഖം ഉള്ളവരും ഇല്ലാത്തവരുമുണ്ട്. ഇവരെ തിരിച്ചറിഞ്ഞ് സുരക്ഷയുള്ള സൈബർ ലോകം കെട്ടിപ്പടുക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.