

നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ ജനം ടിവി അടക്കമുള്ള മാധ‍്യമങ്ങൾക്കെതിരേ കേസ്
കണ്ണൂർ: മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായി പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നവമാധ‍്യമങ്ങളിൽ നടന്ന വ‍്യാജ പ്രചാരണത്തിലാണ് ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.
ജനം ടിവി, ജന്മഭൂമി, കർമ ന‍്യൂസ്, ഡെയ്‌ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ‍്യമ സ്ഥാപനങ്ങൾക്കെതിരേയാണ് കേസ്. കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്‍റെ ഭാര‍്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയ്ക്ക് ലഭിക്കേണ്ട കുടുംബ പെൻഷൻ വാങ്ങുന്നുവെന്നായിരുന്നു നവമാധ‍്യമങ്ങളിൽ പ്രചരിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ വിഷയത്തിൽ പി.കെ. ശ്രീമതി മുഖ‍്യമന്ത്രി വി.ഡി. സതീശനും ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ മുഖ‍്യമന്ത്രി നിർദേശിക്കുകയായിരുന്നു. മുഖ‍്യമന്ത്രിയും ആഭ‍്യന്തര മന്ത്രിയും പരാതിയിൽ ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും ഡിജിപി തന്നെ നേരിട്ട് വിളിച്ചെന്നും ശ്രീമതി പറഞ്ഞിരുന്നു.