
ബലാത്സംഗ കേസിൽ വേടനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
file image
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. അറസ്റ്റ് ഒഴിവാക്കുന്നതിനായി വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നുളള കാരണത്താലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം ബോൾഗാട്ടി പാലസിലെ ഓളം ലൈവെന്ന സംഗീത പരിപാടി മാറ്റി വച്ചിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന് ശേഷം വേടൻ ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതി വേടന്‍റെ അറസ്റ്റ് തടയാത്ത സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഓഗസ്റ്റ് 18 നാണ് വേടന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതിയിൽ പരിഗണിക്കുന്നത്. വേടനുമായുള്ള യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
2021-23 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതിയുടെ മൊഴി. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നായിരുന്നു യുവതി വെളിപ്പെടുത്തൽ.
തുടർന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.