'മാലക്കള്ളി'യെന്ന് ആരോപിച്ച് ദളിത് യുവതിയെ ചോദ്യം ചെയ്തത് 20 മണിക്കൂർ; മോഷണമില്ലെന്നു തെളിഞ്ഞിട്ടും കേസ് റദ്ദാക്കാതെ പൊലീസ്

സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
Police questions Dalit women for 20 hours over forged theft case

ബിന്ദു

Updated on

പാലോട്: സ്വർണമാല മോഷ്ടിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ചത് 20 മണിക്കൂറോളം. പാമ്പാടി തോട്ടരികത്ത് വീട്ടിൽ ആർ. ബിന്ദുവാണ് ക്രൂരതയ്ക്ക് ഇരയായത്. 39 വയസുകാരിയായ ബിന്ദു ജോലിക്കു നിൽക്കുന്ന വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് തിരുവനന്തപുരം പേരൂർക്കട പൊലീസ് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.

പിന്നീട് വസ്ത്രമഴിച്ചു പരിശോധിച്ചുവെന്നും വീട്ടിലെത്തി പരിശോധിച്ചുവെന്നും ബിന്ദു പറയുന്നു. മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന മാല പിന്നീട് പരാതിക്കാരുട വീട്ടിൽ നിന്നു തന്നെ കണ്ടെത്തി. എന്നിട്ടും എഫ്ഐആർ റദ്ദാക്കാതെ മുന്നോട്ടു പോകാനാണ് പൊലീസ് നീക്കം.

മേയ് 13ന് വൈകിട്ടാണ് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. മേയ് 14ന് ഉച്ചയ്ക്കാണ് വിട്ടയച്ചത്. സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

പ്ലസ് ടുവിനും പത്തിലും പഠിക്കുന്ന രണ്ട് മക്കളാണ് ബിന്ദുവിനുള്ളത്. ഭർത്താവിന് കൂലിപ്പണിയാണ്. നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും ജോലി ചെയ്താണ് ബിന്ദു വരുമാനം കണ്ടെത്തുന്നത്. അമ്പലമുക്കിൽ ജോലിക്കു നിന്ന വീട്ടിൽ നിന്നാണ് ബിന്ദുവിന് ദുരനുഭവമുണ്ടായത്.

പുലർച്ചെ 3.30 വരെ പൊലീസ് തന്നെ ചോദ്യം ചെയ്തുവെന്നും അസഭ്യം പറഞ്ഞുവെന്നും ഭർത്താവിനെയും മക്കളെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബിന്ദു പറയുന്നു.

ബന്ധുക്കൾ എത്തിച്ച ഭക്ഷണം നൽകാൻ സമ്മതിച്ചില്ല. ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും പരാതിയിലുണ്ട്. പകരം ശുചിമുറിയിൽ നിന്ന് കുടിക്കാനാണ് ആവശ്യപ്പെട്ടത്.

ഉച്ചയോടെ പരാതിക്കാരി സ്റ്റേഷനിലെത്തി മാല കിട്ടിയെന്ന് അറിയിച്ചു. പക്ഷേ, പൊലീസുകാർ തന്നെ അത് അറിയിച്ചില്ല. പരാതിക്കാരി ആവശ്യപ്പെട്ടതിനാൽ വിട്ടയയ്ക്കുന്നുവെന്നാണ് പൊലീസ് ബിന്ദുവിനോട് പറഞ്ഞത്. കവടിയാർ- അമ്പലമുക്ക് ഭാഗങ്ങളിൽ കാണരുതെന്നും ഭീഷണിപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com