

ടി.ജി. മോഹൻദാസ്
കൊച്ചി: നീറ്റ് വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തിയാണ് മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്.
തെളിവ് ശേഖരിക്കാനുള്ള റെയ്ഡിന്‍റെ ഭാഗമായാണ് തിരുവനന്തപുരം സൈബർ സെൽ പൊലീസ് മോഹൻദാസിന്‍റെ വീട്ടിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം മോഹൻദാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 10 ദിവസം മുൻപാണ് മോഹൻദാസിനെതിരേ കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അന്വേഷണം നടത്തുന്നത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മോഹൻ ദാസിന്‍റെ വിവാദ പരാമർശം. താനായിരുന്നെങ്കിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവയ്ക്കാൻ ഉത്തരവിടുമായിരുന്നു എന്നതടക്കമുള്ള പരാമർശം ഇയാൾ നടത്തിയിരുന്നു. കൂടാതെ ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശവും നടത്തിയിരുന്നു.