വിഐപി പോയിട്ടും കടത്തിവിട്ടില്ല, അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരേ കേസ്

ഈ മാസം 16ന് ഉപരാഷ്ട്രപതി വന്ന ദിവസമായിരുന്നു സംഭവം
police register case against ambulance driver

വിഐപി പോയിട്ടും കടത്തിവിട്ടില്ല, അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരേ കേസ്

Updated on: 

കോഴിക്കോട്: അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരേ കേസെടുത്ത് പൊലീസ്. വിഐപി ഡ്യൂട്ടിക്കിടെ പൊലീസ് നിർദേശം ലംഘിച്ച് നിർത്താതെ പോയെന്നാണ് മെഡിക്കൽ‌ കോളെജ് പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നത്. വാഹനാപകടത്തിൽ പരുക്കേറ്റ ആളുമായി പോയ സന്നദ്ധസംഘടനയുടെ ആംബുലൻസ് ഡ്രൈവർ കാരശേരി സ്വദേശി ശിഹാബുദ്ദീന് എതിരേയാണ് കേസ്.

ഈ മാസം 16ന് ഉപരാഷ്ട്രപതി വന്ന ദിവസമായിരുന്നു സംഭവം. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് പൊലീസ് തടഞ്ഞു. തുടർന്ന് രോഗിയുടെ ഗുരുതരാവസ്ഥ ആംബുലൻസ് തുറന്ന് ബോധ്യപ്പെടുത്തിയെങ്കിലും ഉപരാഷ്ട്രപതി കടന്നുപോകുന്നതുവരെ പൊലീസ് ആംബുലൻസ് കടത്തിവിട്ടില്ല. വാഹനവ്യൂഹം കടന്നുപോയതിനു ശേഷവു കടത്തിവിടാതിരുന്നതിനെ തുടർന്ന് ശിഹാബുദ്ദീൻ ആംബുലൻസ് മുന്നോട്ടെടുക്കുകയായിരുന്നു.

പൊലീസ് നിർദേശം ലംഘിച്ച് മുന്നോട്ട് എടുത്തതാണ് കേസ് എടുക്കാൻ കാരണമായത്. അതിനിടെ ആശുപത്രിയിൽ എത്തിച്ച രോഗി മൂന്നു ദിവസം വെന്‍റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. സംഭവത്തിൽ ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയെന്ന് ആംബുലൻസ് ഡ്രൈവറും രോഗിയുടെ കുടുംബവും അറിയിച്ചു.