

കെ.എം. ഷാജി
കാസർഗോഡ്: മന്ത്രി കെ.എം. ഷാജിക്കെതിരേ വാട്സാപ്പിലൂടെ അധിക്ഷേപ പരാമർശം നടത്തിയ പൊലീസുകാരനെതിരേ നടപടി. കാസർഗോഡ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പരാമർശനം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്ന കുറിപ്പാണ് സുജിത്ത് വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്തത്. ഡിവൈഎസ്പിമാർ ഉൾപ്പെടെ അംഗമായ ഗ്രൂപ്പിലാണ് സംഭവം. ഉടൻ തന്നെ പോസ്റ്റ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സംഭവം വിവാദമായതോടെയാണ് വകുപ്പു തല നടപടി സ്വീകരിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പിണറായി വിജയനെത്തിയപ്പോൾ ഒരു ഭാഗത്ത് നിന്ന് തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം, ഉറക്കത്തിൽ പോലും മതം മതം മതമാണ് പ്രശ്നം എന്നു പുലമ്പുന്ന കെ.എം. ഷാജിയെ.
മൈക്കു കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാവാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്‍റെ മുന്നിൽ നിവർന്നു നിൽക്കാൻ മുട്ടു വിറയ്ക്കും ഷാജിയേ, നീ നിന്നു വിറയ്ക്കാൻ പോകുന്നതേയുള്ളൂ.. എന്നായിരുന്നു വാട്സാപ്പ് സന്ദേശത്തിലുണ്ടായിരുന്നത്.