
ഒസി, വിഎസ്; സമാനതകളോടെ ഈ ജനനായകർ
പി.ബി. ബിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി...
എതിർ ചേരികളിലായിരുന്നെങ്കിലും ജനങ്ങളോടുള്ള ഇടപെടലുകളും ശൈലികളും തുടങ്ങി ജനനം മുതൽ മരണം വരെ ഒരുപാടു സമാനതകളുള്ള നേതാക്കളായിരുന്നു സിപിഎമ്മിലെ വി.എസ്. അച്യുതാനന്ദനും കോൺഗ്രസിലെ ഉമ്മൻ ചാണ്ടിയും.
രാഷ്‌ട്രീയ ജീവിതത്തിലും പോരാട്ടങ്ങളിലുമുള്ള സമാനതകൾക്ക് ഉപരിയായി ഇരുവരും ജനിച്ചതും മരിച്ചതും ഒരേ മാസങ്ങളിലായിരുന്നു എന്നതു വലിയ പ്രത്യേകതയാണ്.
പതിറ്റാണ്ടുകളോളം ഉമ്മൻ ചാണ്ടിക്കൊത്ത രാഷ്‌ട്രീയ എതിരാളിയായിരുന്നു വി.എസ്. 1923 ഒക്‌ടോബർ 20നായിരുന്നു ആലപ്പുഴയിൽ വിഎസിന്‍റെ ജനനമെങ്കിൽ, 1943 ഒക്റ്റോബർ 31ന് ഉമ്മൻ ചാണ്ടി തൊട്ടടുത്ത ജില്ലയായ കോട്ടയത്തെ കുമരകത്തു പിറവിയെടുത്തു. ഒരേ ഒക്റ്റോബർ... ജന്മനാടുകൾ തമ്മിൽ വേമ്പനാട്ടുകായലിന്‍റെ ദൂരം മാത്രം. പിന്നീട് ജനനേതാക്കളായി കേരളത്തിന്‍റെ ഹൃദയത്തിലും ജനപ്രതിനിധികളായി നിയമസഭയിലേക്കും.
രണ്ടു തവണ മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി കേരളം ഭരിച്ചപ്പോൾ ഒരു തവണ പ്രതിപക്ഷ നേതാവായി വി.എസിനെതിരേ സഭയിൽ മുന്നണിയെ നയിച്ചു. എന്നാൽ, മൂന്നു തവണ പ്രതിപക്ഷ നേതാവായ വിഎസിന് ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനായത്.
2004ൽ എ.കെ. ആന്‍റണി മുഖ്യമന്ത്രിപദം ഒഴിഞ്ഞ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനുമായി പോരാട്ടം നേരിട്ടായി. 2006 മുതൽ 2011 വരെ വി.എസ് മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും. 2011ൽ കാലചക്രം വീണ്ടും കറങ്ങി, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി, വി.എസ് പ്രതിപക്ഷ നേതാവും.
ബാർ കോഴയും സോളാർ വിവാദവും കത്തിനിന്ന കാലത്ത് സെക്രട്ടേറിയറ്റ് വളയൽ ഉൾപ്പെടെ കേരളം അന്നോളം കണ്ടിട്ടില്ലാത്ത സമരമുറകളാണ് അന്നത്തെ പ്രതിപക്ഷം വി.എസിന്‍റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ എയ്തുവിട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ആയതോടെ വി.എസും ഉമ്മൻ ചാണ്ടിയും എംഎൽഎമാരായി നിയമസഭയിലിരുന്നു. അങ്ങനെ രണ്ടു മുൻ മുഖ്യമന്ത്രിമാരുള്ള സഭ എന്ന അപൂർവതയ്ക്കും പതിനാലാം നിയമസഭ സാക്ഷിയായി. അക്കാലയളവിൽ വി.എസ് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായെങ്കിൽ ഉമ്മൻ ചാണ്ടി പ്രത്യേക പദവികളൊന്നുമില്ലാതെ ഒതുങ്ങി.
ഇരുവരും നിയമസഭാ പ്രവർത്തനങ്ങളിൽ ഒട്ടും സജീവമല്ലാതിരുന്നതും ഇരുവരെയും രോഗം കലശലായി അലട്ടിയതും പതിനാലാം നിയമസഭയുടെ കാലയളവിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കേവലം എട്ടു മാസം മാത്രം ശേഷിക്കെ, പതിനഞ്ചാം നിയമസഭയുടെ കാലയളവിലെ രണ്ട് ജൂലൈ മാസങ്ങളിലാണ് ഇരുവരും കേരളത്തോടു വിടചൊല്ലിയത് എന്നതും മറ്റൊരു സമാനത. കാലങ്ങളായി കിടപ്പിലായിരുന്ന വിഎസ് കഴിഞ്ഞ 21ന് മരണമുഖത്തേക്ക് നടന്നു കയറിയപ്പോൾ 2023 ജൂലൈ 18ന്‍റെ നഷ്ടമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.