
റിജാസ് എം. ഷീബ സൈദീഖ്
ജിബി സദാശിവൻ
കൊച്ചി: ഇന്ത്യയുടെ ഭീകരവിരുദ്ധ ഓപ്പറേഷനായ "ഓപ്പറേഷന്‍ സിന്ദൂറി'നെ വിമർശിച്ചതിന് അറസ്റ്റിലായ റിജാസ് എം. ഷീബ സിദ്ദിഖിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സംഘത്തിനു (എടിഎസ്) ലഭിച്ചത് വിലപ്പെട്ട വിവരങ്ങൾ. പിടിയിലായ റിജാസ് "അര്‍ബന്‍ നക്‌സലാണ് ' എന്ന സംശയത്തിലാണ് മഹാരാഷ്‌ട്ര പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ റിജാസ് ഷീബയുടെ കൊച്ചിയിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ചാല്‍ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെയടക്കം വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പെന്‍ഡ്രൈവുകള്‍, ഫോണുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്ത്.
നിരോധിക്കപ്പെട്ട ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായും (ജെകെഎൽഎഫ്) സിപിഐ മാവോയിസ്റ്റ് സംഘടനയുമായും റിജാസിന് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. യുകെയിലെ ഒരു മൊബൈല്‍ നമ്പരിലേക്ക് റിജാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരങ്ങള്‍. ഇതിന് ഐഎസ്‌ഐ ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
കശ്മീരിൽ 26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം കൊച്ചിയില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനും റിജാസ് ശ്രമിച്ചിരുന്നു. ഇതില്‍ വഴി തടസപ്പെടുത്തിയതിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമാണ് താൻ എന്നാണ് റിജാസിന്‍റെ അവകാശവാദം. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍പ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോര്‍ട്ടിന്‍റെ പേരിലും റിജാസിനെതിരേ കേസെടുത്തിരുന്നു.
റിജാസിനെതിരേ കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിശദാംശങ്ങളും മഹാരാഷ്‌ട്ര അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി എളമക്കര കീര്‍ത്തി നഗറിലെ റിജാസിന്‍റെ വീട്ടില്‍ കഴിഞ്ഞ ഞായാറാഴ്ച്ച രാത്രി നടത്തിയ പരിശോധനയിലാണ് പെന്‍ഡ്രൈവുകള്‍, ഫോണുകള്‍, പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്ത്. മഹാരാഷ്‌ട്ര എടിഎസും നാഗ്പുര്‍ പൊലീസും ഐബി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. റിയാസിന്‍റെ കുടുംബാംഗങ്ങളെയും സംഘം ചോദ്യം ചെയ്തിരുന്നു. കാള്‍ മാര്‍ക്‌സിന്‍റെ പുസ്തകവും "ക്രിറ്റിസൈസിങ് ബ്രാഹ്‌മണിസം' എന്ന പുസ്തകവും പിടിച്ചെടുത്തിട്ടുണ്ട്.
നിലവില്‍ മഹാരാഷ്‌ട്ര പൊലീസിന്‍റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്. കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറില്‍ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേര്‍ക്കെതിരേ ഏപ്രില്‍ അവസാനം പൊലീസ് കേസെടുത്തിരുന്നു. ഡെമോക്രാറ്റിന് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് റിജാസ്.