

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്നു തന്നെ. 102.33 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം സംസ്ഥാനം ഉപയോഗിച്ച് തീർത്തത്. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 102.99 ദശലക്ഷം യൂണിറ്റ് എന്ന സര്‍വ്വകാല റെക്കോഡിലായിരുന്നു കഴിഞ്ഞ ദിവസത്തെ കണക്ക്.കഴിഞ്ഞ ഒരാഴ്ചയായി 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ് വിനിയോഗിച്ചിരിക്കുന്നത്.
വൈകിട്ട് 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. പുറത്തു നിന്നും ഉയർന്ന വിലയിൽ വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുടക്കമില്ലാതെ വൈദ്യുതി എത്തിക്കുന്നത്. എന്നാൽ സംസ്ഥാനത്തേക്ക് വൈദ്യുതി കൊണ്ടുവരുന്ന ലൈനുകളുടെയും സബ്‌സ്റ്റേഷനുകളുടെയും ശേഷി 3410 മെഗാവാട്ട് ആണ്. അതിനാല്‍ പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചാലും ലൈനുകളുടെ ശേഷിക്കുറവ് കാരണം വില്ലനാവും.
എന്നാല്‍ വൈദ്യുതി നിയന്ത്രണം തല്‍ക്കാലത്തേക്ക് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പുറത്തു നിന്നുളള വൈദ്യുതി ലഭ്യത കുറഞ്ഞാല്‍ മാത്രമേ അത്തരത്തിലൊരു നടപടിയിലേക്ക് കടക്കേണ്ടതുളളു എന്നും അദ്ദേഹം വ്യക്തമാക്കി. വേനല്‍ച്ചൂടിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നത്.