പി.പി. ദിവ്യ റിമാൻഡിൽ; 14 ദിവസം വനിതാ ജയിലിൽ
കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) കെ. നവീന്‍ ബാബുവിന്‍റെ മരണത്തിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ പി.പി. ദിവ്യയെ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടർന്ന് രാത്രിയോടെ പള്ളിക്കുന്ന് വനിതാ ജയിലിൽ എത്തിച്ചു.
ചൊവ്വാഴ്ച രാവിലെ 11ന് തലശേരി പ്രിൻസിപ്പൽ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ദിവ്യയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തുടർന്ന് അവർ കീഴടങ്ങുകയായിരുന്നു. എന്നാൽ കീഴങ്ങാനെത്തുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. 13 ദിവസമായി ദിവ്യ നിരീക്ഷണത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു.
എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്‍റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂർ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തു നിന്നാണു പൊലീസ് അവരെ കസ്റ്റഡിയിലെടുത്തത്. പൊലീസുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് അവർ എത്തിയതെന്നും പറയുന്നു. തുടർന്ന് ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷം കനത്ത പൊലീസ് സുരക്ഷയോടെ ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കി. മജിസ്ട്രേറ്റിന്‍റെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
അതിനിടെ, ദിവ്യയ്ക്ക് പിന്തുണ അറിയിക്കാൻ സിപിഎമ്മിന്‍റെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും മജിസ്ട്രേറ്റിന്‍റെ വസതിയ്ക്കു മുന്നിലെത്തിയിരുന്നു.
ദിവ്യ ഇന്നു തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം അറിയിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും.
നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തേ പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സർക്കാരിന്‍റെ കണ്ടെത്തൽ. 38 പേജുള്ള ഉത്തരവിൽ കോടതിയും ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ മാസം 15ന് പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ പരസ്യ വിമർശനം നടത്തിയതിൽ മനം നൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ദിവ്യയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്കു വേണ്ടി അഭിഭാഷകന്‍ കെ. വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ. അജിത്കുമാറും നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്. റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.