രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഡോക്‌ടർ പ്രാക്റ്റീസ് കുറ്റകരം: മന്ത്രി വീണാ ജോർജ്

മെഡിക്കൽ പ്രാക്റ്റീഷണേഴ്സ് ആക്റ്റ് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ പ്രാക്റ്റീസ് ചെയ്യുന്നത് കുറ്റകരമാണ്
Practicing doctors without registration is a crime: Minister Veena George
വീണാ ജോർജ്
Updated on

തിരുവനന്തപുരം: ഡോക്റ്റർമാരുടെ രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രാക്റ്റീസ് കുറ്റകരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്റ്റീസ് നടത്താൻ പാടുള്ളൂ. മെഡിക്കൽ പ്രാക്റ്റീഷണേഴ്സ് ആക്റ്റ് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ പ്രാക്റ്റീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമ പ്രകാരം ആശുപത്രിയിൽ ജോലി ചെയ്യുന്നവർ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റർ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തമാണ്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്റ്റർ ചികിത്സ നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരേ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റ് നടപ്പിലാക്കാൻ മന്ത്രി എല്ലാവരുടേയും സഹകരണം അഭ്യർഥിച്ചു.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റ് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.ജോലിക്ക് നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ യോഗ്യത ഉണ്ടെന്നുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് മാനെജ്മെന്‍റുകൾ ഉറപ്പാക്കണം. സർക്കാർ സർവീസിൽ ഈ കർത്തവ്യം പിഎസ്‌സിയാണ് നിർവഹിക്കുന്നത്.

കൊല്ലത്ത് വ്യാജ ഗൈനക്കോളജി സർട്ടിഫിക്കറ്റുമായി ഒരു ഡോക്റ്റർ നടത്തിയ ചികിത്സയെ തുടർന്ന് 2019ൽ യുവതി മരിച്ച സംഭവത്തിൽ ഫയൽ മുമ്പിലെത്തിയപ്പോഴാണ് ഡോക്റ്റർ രജിസ്ട്രേഷൻ ഉള്ള ആളാണോ എന്നറിയുന്നതിന് പൊതുസമൂഹത്തിനും ഒരു സംവിധാനം ആവശ്യമാണെന്ന് ചിന്തിച്ചത്. സംസ്ഥാന മെഡിക്കൽ കൗൺസിലിനോട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റേർഡ് ഡോക്റ്റർമാരുടെ പേര് മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ സൈറ്റിലെ ഈ വിവരം ആവശ്യമുള്ളവർ മാത്രം കാണുന്നതിന് ക്യുആർ കോഡും ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com