
ന്യൂഡൽഹി: പഞ്ചായത്തിരാജ് മന്ത്രാലയം നല്‍കുന്ന ഈ വര്‍ഷത്തെ പഞ്ചായത്ത് ക്ഷമതാ നിര്‍മ്മാണ്‍ സര്‍വോത്തം സന്‍സ്ഥാന്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റു വാങ്ങി കില. കിലയ്ക്കു വേണ്ടി ഡയറക്റ്റര്‍ ജനറല്‍ എ.നിസാമുദ്ദീന്‍ ഐഎഎസ് പുരസ്കാരം ഏറ്റുവാങ്ങി. സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് രാജ്യത്തുടനീളമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ മാതൃകാപരമായ ശ്രമങ്ങളെ വിലയിരുത്തിക്കൊണ്ട് ദേശീയ പഞ്ചായത്തീരാജ് മന്ത്രാലയമാണ് കിലയെ ദേശീയ തലത്തില്‍ ഒന്നാമതായി തെരഞ്ഞെടുത്തത്.
ഒരുകോടി രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്‌കാരം. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്ത് ഉള്‍പ്പെടെ 27 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ദീന്‍ദയാല്‍ ഉപാധ്യായ് പഞ്ചായത്ത് സത് സത് വികാസ് പുരസ്‌കാരങ്ങളും വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്കായി നാനാജി ദേശ്മുഖ് സര്‍വ്വോത്തം പഞ്ചായത്ത് സത് സത് വികാസ് പുരസ്‌കാര്‍, ഗ്രാമ ഊര്‍ജ്ജ സ്വരാജ് വിശേഷ് പഞ്ചായത്ത് പുരസ്‌കാര്‍,കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പഞ്ചായത്ത് പുരസ്‌കാര്‍, കൂടാതെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പഞ്ചായത്ത് ക്ഷമതാ നിര്‍മ്മാണ്‍ പുരസ്‌കാര്‍ തുടങ്ങി 45 പുരസ്‌കാരങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. പുരസ്‌കാര ജേതാക്കളായ പഞ്ചായത്തുകളുടെയും പരിശീലന കേന്ദ്രങ്ങളുടെയും ഹ്രസ്വ വീഡിയോകളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള കിലയുടെ ഇടപെടലുകള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്. വികേന്ദ്രീകൃത ആസൂത്രണവും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും ലോകത്തിന് മാതൃകയായി അവതരിപ്പിക്കുന്നതില്‍ കില പ്രധാന പങ്കുവഹിച്ചു വരികയാണ്. സമകാലിക ആവശ്യങ്ങള്‍ക്കനുസൃതമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നവീകരിക്കാന്‍ കിലയിലൂടെ വിവിധങ്ങളായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
പരിശീലനം സ്ഥാപനം നടത്തുന്ന പരിശീലനങ്ങളിലെ ശതമാന വര്‍ദ്ധനവ്, പരിശീലനം ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ശതമാനം, പരിശീലന പഠന കേന്ദ്രത്തിലെ ഫാക്കല്‍റ്റികള്‍/എംപാനല്‍ ചെയ്ത റിസോഴ്സ് പേഴ്സണ്‍സ്/മാസ്റ്റര്‍ ട്രെയിനര്‍മാര്‍/ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) വിവിധ വിഷയങ്ങളില്‍ പരിശീലനം നേടിയതിന്റെ ശതമാനം, SDG-കളെക്കുറിച്ചുള്ള വിജ്ഞാന മാനേജ്മെന്റിനായി പരിശീലനം സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിത യൂണിറ്റ് (PMU), സുസ്ഥിര വികസന ലക്ഷ്യങ്ങളെ (SDGs) സംബന്ധിച്ച് പഞ്ചായത്ത് വികസന പദ്ധതി (PDP) തയ്യാറാക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് (ജില്ല/ബ്ലോക്ക്/ഗ്രാമം) സൗകര്യമൊരുക്കാന്‍ സ്ഥാപനം നടത്തുന്ന ശ്രമങ്ങള്‍, പരിശീലന വേളയില്‍ പഞ്ചായത്തുകള്‍ക്ക് സൗകര്യമൊരുക്കുന്നതിന് പരിശീലന കേന്ദ്രങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍/രീതികള്‍, SDG കളെ കുറിച്ചുള്ള പഞ്ചായത്തുകളുടെ വിജ്ഞാന നിര്‍മ്മാണത്തിനായി പരിശീലനം സ്ഥാപനം ഉപയോഗിക്കുന്ന IEC ഉപകരണങ്ങള്‍, പഞ്ചായത്ത് വികസന പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ പരിശീലന സ്ഥാപനം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍, പരിശീലനത്തിനും ഗവേഷണത്തിനും വേണ്ടി പരിശീലന സ്ഥാപനം ചെലവഴിച്ച സ്വന്തം ഫണ്ട് (സ്വന്തം ഉറവിട വരുമാനം/ സ്വമേധയാ സംഭാവന മുതലായവ) എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കപ്പെട്ടത്.
തദ്ദേശഭരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും കില നേതൃത്വം നല്‍കി വരുന്നു. നയരൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ഒരു ഏജന്‍സി കൂടിയാണ് കില. തദ്ദേശ സ്വയംഭരണം, ലിംഗസമത്വം, കാലാവസ്ഥാവ്യതിയാനം, ദുരന്ത ലഘൂകരണം, മാലിന്യ പരിപാലനം, പ്രാദേശിക വികസനം, ആരോഗ്യം, നഗരനയങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പരിശീലന പരിപാടികള്‍ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, ചര്‍ച്ചകള്‍, പദ്ധതി രൂപീകരണം തുടങ്ങിയവ കില സംഘടിപ്പിക്കാറുണ്ട്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും പരിശീലന പരിപാടികള്‍ക്കും, പഠനങ്ങള്‍ക്കും കിലയുടെ ഫാക്കല്‍ട്ടി മറ്റു ഏജന്‍സികളും ആയി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു വരുന്നു. പരിശീലനത്തോടൊപ്പം അന്തര്‍ദേശീയ തലത്തില്‍ ഒരു പഠന ഗവേഷണ സ്ഥാപനം ആയി വികസിക്കുക എന്നതാണ് കിലയുടെ ലക്ഷ്യം.
അധികാര വികേന്ദ്രീകരണവും പ്രാദേശിക ആസൂത്രണവും സംബന്ധിച്ച പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ തന്നെ സുപ്രധാനമായ ഒരു കേന്ദ്രമായി കില ഇതിനോടകം മാറിക്കഴിഞ്ഞു. അന്തര്‍ദേശീയ വികസന ഏജന്‍സികളായ UNDP, UNFPA, UNEP, UNICEF, UN Habitat, Common Wealth Local Government Forum എന്നിവയുടെയും ദേശീയതലത്തില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം കേന്ദ്ര നഗര വികസന മന്ത്രാലയം, MOHUA, NIUA, എന്നിവ നടപ്പാക്കുന്ന അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനും കില വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
സെന്റര്‍ ഫോര്‍ അര്‍ബന്‍ ഗവര്‍ണ്ണന്‍സ്, ചൈല്‍ഡ് റിസോഴ്സ് സെന്റര്‍, ജന്‍ഡര്‍ സ്‌കൂള്‍ ഫോര്‍ ലോക്കല്‍ ഗവര്‍ണ്ണന്‍സ്, ജിയോ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, പരിസ്ഥിതി ജൈവവൈവിധ്യ കാലാവസ്ഥാ വ്യതിയാന കേന്ദ്രം, സുസ്ഥിര വികസന കേന്ദ്രം, ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ ഹബ് തുടങ്ങിയ വിഷയകേന്ദ്രങ്ങളും കിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജിന്‍റെ സ്വാഗതാശംസകളോടെ തുടങ്ങിയ പുരസ്‌കാര ദാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു മുഖ്യാതിഥിയായി. പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ.എസ്.പി. സിങ് ബാഗേല്‍ ആമുഖമായി സംസാരിച്ചു. ദേശീയ പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് പുരസ്‌കാരദാന വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ബെസ്റ്റ് പ്രാക്റ്റീസ് ഓണ്‍ അവാര്‍ഡീസ് ഓഫ് പഞ്ചായത്ത് എന്ന പുസ്തകത്തിന്‍റെ ആദ്യ കോപ്പി രാഷ്ട്രപതിക്ക് കൈമാറിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ജേതാക്കള്‍ക്ക് കൈമാറി.