
പൂക്കളുമായി കാത്തു നിന്ന് കുട്ടികൾ; വഴിയിലിറങ്ങി കേഡറ്റുകൾക്ക് സല്യൂട്ട് നൽകി രാഷ്‌ട്രപതി
തിരുവനന്തപുരം: അപ്രതീക്ഷിതമായിരുന്നു ആ വരവ്. തങ്ങളുടെ സ്കൂളിനു മുന്നിലൂടെ പോകുമ്പോൾ കാറിലിരിക്കുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ഒന്നു കാണാമെന്നു മാത്രമേ അധ്യാപകരും കുട്ടികളും കരുതിയുള്ളൂ. അഭിവാദ്യം ചെയ്യാൻ സ്കൂളിൽ തന്നെ കൃഷി ചെയ്ത ആയിരത്തോളം ചെണ്ടുമല്ലി പൂക്കളും അവർ കരുതിയിരുന്നു. രാജ്യത്തിന്‍റെ സർവസൈന്യാധിപയെ സല്യൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ എൻസിസി കേഡറ്റുകളും ഫുട്പാത്തിൽ ബാരിക്കേഡിനപ്പുറത്തു പരേഡ് ചെയ്തു.
പക്ഷേ, എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ച് രാഷ്‌ട്രപതിയുടെ വാഹനവ്യൂഹം വർക്കല മോഡൽ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ പൊടുന്നനെ നിന്നു. രാജ്യത്തിന്‍റെ പ്രഥമ പൗര സുരക്ഷാ മാനദണ്ഡങ്ങളെല്ലാം മാറ്റിവച്ച് റോഡിലേക്കിറങ്ങി കുട്ടികളുടെ അടുത്തേക്കെത്തി. അധ്യാപകർക്കും കുട്ടികൾക്കും നാട്ടുകാർക്കും അദ്ഭുതം, അതിലേറെ ആഹ്ലാദം. വർക്കല ഹെലിപാഡിൽ നിന്നു ശിവഗിരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് രാഷ്‌ട്രപതി കുട്ടികളെ നിരാശപ്പെടുത്താതെ അവർക്കു മുന്നിലേക്കെത്തിയത്.
അധ്യാപകരും കുട്ടികളും നീട്ടിയ പൂക്കൾ അവർ സ്വീകരിച്ചു. ചില കുട്ടികളെ തലോടി. അധ്യാപകരോട് ഏതാനും വാക്കുകളിൽ കുശലം പറഞ്ഞു. എൻസിസി കേഡറ്റുകളുടെ മുന്നിലെത്തിയപ്പോൾ അവർ സല്യൂട്ട് ചെയ്തു, ഒട്ടും മടിക്കാതെ രാഷ്‌ട്രപതി അവർക്കു പ്രത്യഭിവാദ്യം നൽകി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദ്യം അൽപം അമ്പരപ്പുണ്ടായെങ്കിലും പിന്നീട് അവർ രാഷ്‌ട്രപതിയും കുട്ടികളുമായുള്ള ഇടപഴകലിനു സൗകര്യമൊരുക്കി.
കാറിന്‍റെ ചില്ലു താഴ്ത്തി കൈവീശിയേക്കാം എന്നതിനപ്പുറം, വാഹന വ്യൂഹത്തിൽ നിന്നിറങ്ങി രാഷ്‌ട്രപതി കുട്ടികളുടെ അരികിലേക്കെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്കൂൾ അധികൃതർ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണിതെന്നും രാഷ്‌ട്രപതിയെ നേരിൽ കാണാനായതിൽ വളരെയധികം സന്തോഷമെന്നും വിദ്യാർഥികളും പറയുന്നു.
രാവിലെ മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണന്‍റെ പ്രതിമ രാജ്ഭവനിൽ അനാച്ഛാദനം ചെയ്ത ശേഷമാണ് ദ്രൗപദി മുർമു ശ്രീനാരായണ ഗുരുദേവ മഹാസമാധി ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലേക്കു തിരിച്ചത്.