ഏഴിമലയിൽ ആദ്യമായി ഒരു രാഷ്‌ട്രപതിയെത്തി

ദ്രൗപദി മുർമു പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു
President visited Ezhimala for the first time

ഏഴിമലയിൽ ആദ്യമായി ഒരു രാഷ്‌ട്രപതിയെത്തി

Updated on: 

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ കണ്ണൂർ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ചരിത്ര നിമിഷം. സ്ഥാപിതമായ ശേഷം ഇതാദ്യമായി ഒരു രാഷ്‌ട്രപതി അവിടെയെത്തി. വിദേശത്തു നിന്നുള്ളവർ അടക്കമുള്ള 427 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിനെത്തിയ സർവ സൈന്യാധിപയായ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് ഊഷ്മളമായ ഔദ്യോഗിക വരവേല്‍പ്പാണ് നല്‍കിയത്.

69 വനിത കേഡറ്റുകളും പാസിങ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും ഓഫിസര്‍മാര്‍ക്കൊപ്പം 9 വിദേശ രാജ്യങ്ങളിലെ 18 കേഡറ്റുകളും പരിശീലനം പൂര്‍ത്തിയാക്കി. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, സൗഹൃദ വിദേശ രാജ്യങ്ങളുടെ സമുദ്ര സേനകള്‍ എന്നിവയുടെ കമ്മിഷന്‍ഡ് ഓഫിസര്‍മാരായാണ് ഇവരെല്ലാം സേവനത്തിലേക്ക് കടക്കുന്നത്.

സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍, വിദേശ രാജ്യങ്ങളില്‍ നിന്നു പരിശീലനത്തിനായി വന്നവരുടെ ബന്ധുക്കൾ, ക്ഷണിക്കപ്പെട്ട അതിഥികള്‍, ചുമതലയുള്ള ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. കെനിയ, ബംഗ്ലാദേശ്, സീഷെല്‍സ്, ടാന്‍സാനിയ, മ്യാന്‍മര്‍, മലാവി, മാലദ്വീപ്, ടിമോര്‍ലെസ്റ്റ്, ഒമാന്‍ എന്നീ സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലനം പൂര്‍ത്തിയാക്കിയ സൈനികരും പാസിങ് ഔട്ട് പരേഡിന്‍റെ ഭാഗമായി അണിനിരന്നു. രാഷ്‌ട്രപതി സല്യൂട്ട് സ്വീകരിച്ചു. കേഡറ്റുകളുടെ തോളില്‍ കമ്മിഷന്‍ഡ് ഓഫിസറുടെ റാങ്ക് ഔദ്യോഗികമായി അണിയിച്ചു. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.

ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, സി. സദാനന്ദന്‍ എംപി, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന, നാവിക അക്കാദമി കമാൻഡൻഡ് വൈസ് അഡ്മിറൽ അലോക് ആനന്ദ, പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ എസ്.എം. ഉറൂജ് അത്തര്‍, സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്, ജില്ലാ കലക്റ്റര്‍ പി. വിഷ്ണുരാജ്, സിറ്റി പൊലിസ് കമ്മിഷണര്‍ ബി.വി. വിജയ ഭരത് റെഡ്ഡി എന്നിവരടക്കം ഒട്ടേറെ പ്രമുഖർ സന്നിഹിതരായി. തുടർന്ന് 11.30ഓടെ ദ്രൗപദി മുർമു വ്യോമസേനാ വിമാനത്തിൽ മിസോറാമിലേക്കു പോയി.