

പ്രിയദർശിനി പദ്ധതി: ഓർഡിനറിയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെഎസ്ആർടിസി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. 2025 ജൂൺ 15 മുതൽ ജൂലൈ 14 വരെ ഓർഡിനറി യാത്രകൾ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള സമാന കാലയളവിൽ (2026 ജൂൺ 15 - ജൂലൈ 14) 5.75 കോടിയായി ഉയർന്നു. 50.10 ശതമാനത്തിന്‍റെ വർധനവെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്.
യാത്രകളുടെയും ടിക്കറ്റുകളുടെയും എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. 2026ലെ പഠന കാലയളവിൽ രേഖപ്പെടുത്തിയ ആകെ ഓർഡിനറി യാത്രകളിൽ 3.81 കോടിയും പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്രകളാണ്. ശേഷിക്കുന്ന 1.94 കോടി യാത്രകൾ (33.76 ശതമാനം) സാധാരണ ടിക്കറ്റ് നൽകിയുള്ളതും.ഓർഡിനറി യാത്രക്കാരുടെ എണ്ണം 50.10 ശതമാനം വർധിച്ചെങ്കിലും അതിനനുസരിച്ച് കെഎസ്ആർടിസി ബസുകൾ ഓടിയ ദൂരത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. 2025ലെ സമാന കാലയളവിൽ ഓർഡിനറി സർവിസ് കിലോമീറ്ററുകൾ 1.82 കോടി (1,82,84,055.5) കിലോമീറ്റർ ആയിരുന്ന സ്ഥാനത്ത് 2026ൽ ഇത് 1.95 കോടിയായി (1,95,36,547.50) മാത്രമാണ് ഉയർന്നത്.
അതേസമയം, പ്രിയദർശിനി വന്ന ശേഷം തങ്ങളുടെ പ്രതിദിന ടിക്കറ്റ് കലക്ഷനിൽ 10 മുതൽ 50 ശതമാനം വരെ കുറവുണ്ടായെന്നാണ് സ്വകാര്യ ബസുടമകൾ വിദഗ്ധ സമിതിക്ക് നൽകിയ റിപ്പോർട്ട്. പ്രിയദർശിനി പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് സ്വകാര്യ ബസുകളിലെ സ്ഥിരം യാത്രക്കാരിൽ വലിയൊരു പങ്ക് സ്ത്രീകളായിരുന്നു. സൗജന്യ യാത്ര അനുവദിച്ചതോടെ വലിയ തോതിൽ സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് മാറി. കുടുംബാംഗങ്ങൾ ഒരുമിച്ച് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യാൻ തുടങ്ങിയതോടെ സ്വകാര്യ ബസുകളിലെ മറ്റ് യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. റൂട്ടും ജില്ലയും അനുസരിച്ച് ഓരോ ബസിനും പ്രതിദിനം 500 മുതൽ 3,500 രൂപ വരെ കലക്ഷനിൽ കുറവുണ്ടായതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.