

"ആ വഷളന്‍റെ സിനിമയാണല്ലോ അമ്മേ ഇട്ടിരിക്കുന്നത്''; ചിന്തിപ്പിച്ചത് എട്ടാം ക്ലാസുകാരനായ മകന്‍റെ ചോദ്യമെന്ന് യുവതി
file image
പത്തനംതിട്ട: ദിലീപിന്‍റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിനെതിരേ യാത്രക്കാരി നടത്തിയ പ്രതിഷേധം വളരെ ചർച്ചാ വിഷയമായിരുന്നു. കോടതി ക്ലീൻ ചീറ്റ് നൽകിയല്ലോ എന്ന എതിരഭിപ്രായം ഉയർന്നെങ്കിലും സ്ത്രീകൾ ഒന്നടങ്കം പ്രതിഷേധം ശക്തമാക്കിയതോടെ സിനിമ നിർത്തിവയ്ക്കുകയായിരുന്നു. ഇതിൽ യുവതിക്കെതിരേ അടക്കം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയർന്നത്. കുടുംബത്തിനൊപ്പം ബസിൽ സഞ്ചരിച്ച പത്തനംതിട്ട സ്വദേശി ലക്ഷ്‌മി ആർ. ശേഖറാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ, സംഭവത്തെക്കുറിച്ച് യാത്രക്കാരി പ്രതികരിച്ചിരിക്കുകയാണ്. ഒരു സ്വകാര്യമാധ്യമത്തോടായിരുന്നു യുവതിയുടെ പ്രതികരണം.
എട്ടാം ക്ലാസുകാരനായ തന്‍റെ മകൻ ചോദിച്ച ചോദ്യത്തിൽ നിനാണ് പ്രതികരിച്ചതെന്ന് യാത്രക്കാരി പറയുന്നു. ഈ വഷളന്‍റെ സിനിമയാണല്ലോ അമ്മേ ബസിൽ ഇട്ടിരിക്കുന്നത്. എന്നായിരുന്നു മകന്‍റെ ചോദ്യം. അതിജീവിതയ്ക്കൊപ്പമെന്ന് പറഞ്ഞിട്ട് രണ്ടര മണിക്കൂർ ബസിലിരുന്ന സിനിമ കാണാനാകില്ലെന്നും നിർത്തണമെന്നും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു. കണ്ടക്റ്റർ പോലും രൂക്ഷമായാണ് പ്രതികരിച്ചത്. കാണാൻ പറ്റില്ലെങ്കിൽ ഇറങ്ങിപ്പോക്കോളൂ എന്നുവരെ പറഞ്ഞു.
കോടതി വിധി വന്നതല്ലേ, ക്ലീൻ ചിറ്റ് നൽകിയതല്ലേയെന്നൊക്കെയായിരുന്നു എതിർ വാദം. എന്നാൽ അതെന്‍റെ മനസാക്ഷി അനുവദിക്കാത്തതുകൊണ്ട് ബസിലെ മറ്റുള്ളവരോടും ചോദിച്ചു. സ്ത്രീകൾ ഒന്നടങ്കം തന്‍റെയൊപ്പം നിന്നുവെന്നും ഒടുവിൽ കണ്ടക്റ്റർ ടിവി ഓഫ് ചെയ്യുകയായിരുന്നെന്നും യുവതി പറയുന്നു.
തിരുവനന്തപുരം -തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിൽ ഞായറാഴ്ചയാണ് പ്രശ്നമുണ്ടായത്. ദിലീപ് ചിത്രം പറക്കും തളികയാണ് ബസിൽ പ്രദർശിപ്പിച്ചിരുന്നത്.