

ആത്മനിർഭർ പഞ്ചായത്ത് ബോധവത്കരണ ശിൽപശാല
കൊച്ചി: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം "ആത്മനിർഭർ പഞ്ചായത്ത്' പദ്ധതിയെക്കുറിച്ചുള്ള ബോധവത്കരണ ശിൽപശാല ഇന്നു കൊച്ചിയിൽ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ്, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മന്ത്രാലയത്തിലെയും സംസ്ഥാന ഗവൺമെന്‍റിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും.
ഹൗസിങ് ആൻഡ് അർബൻ ഡവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (ഹഡ്കോ), നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്‌മെന്‍റ് (നബാർഡ്) എന്നിവയുടെ പ്രതിനിധികളും പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുക്കും.
കേരള ഗവണ്മെന്‍റിന്‍റെ തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഹൈബ്രിഡ് രീതിയിലാണ് ഈ ശിൽപശാല സംഘടിപ്പിക്കുന്നത്. 210 പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 600ഓളം പ്രതിനിധികൾ ഓഫിസുകളിൽ നിന്ന് വീഡിയൊ കോൺഫറൻസിങ് വഴി വെർച്വൽ ആയി പങ്കുചേരും.
കേരളത്തിലുടനീളമുള്ള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും നേരിട്ടെത്താനും ആത്മനിർഭർ പഞ്ചായത്ത് പദ്ധതിയുടെ കാഴ്ചപ്പാട്, ലക്ഷ്യങ്ങൾ, പ്രവർത്തന ചട്ടക്കൂട് എന്നിവ അവർക്ക് മുന്നിൽ അവതരിപ്പിക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
പഞ്ചായത്തുകളുടെ സാമ്പത്തിക സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം വിഭാവനം ചെയ്ത കേന്ദ്രാവിഷ്കൃത പദ്ധതിയാണ് "ആത്മനിർഭർ പഞ്ചായത്ത് പ്രോഗ്രാം'. സുതാര്യമായ ഒരു ദേശീയ മത്സര പ്രക്രിയയിലൂടെ, ഉപയോഗശൂന്യമായി കിടക്കുന്ന ആസ്തികളും പ്രാദേശിക സാധ്യതകളും പ്രയോജനപ്പെടുത്തി വരുമാനമുണ്ടാക്കാൻ സാധിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ആശയങ്ങൾ സമർപ്പിക്കാൻ ഇതിലൂടെ പഞ്ചായത്തുകളോട് നിർദേശിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങളെ മികച്ചതും ബാങ്ക് വായ്പയ്ക്ക് യോഗ്യവുമായ പദ്ധതികളാക്കി മാറ്റുന്നതിന് മന്ത്രാലയത്തിൽ നിന്ന് പ്രത്യേക സാങ്കേതിക സഹായം ലഭിക്കും. പൊതു- സ്വകാര്യ പങ്കാളിത്തം, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംഭാവനകൾ, ബാങ്ക് ധനസഹായം, മറ്റ് ഗവണ്മെന്‍റ് പദ്ധതികളുമായുള്ള സംയോജനം എന്നിവയിലൂടെയാണ് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്.
ആസൂത്രണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ഗ്രാമസഭയുടെ പങ്കാളിത്തം നിർബന്ധമാണ്. കുറഞ്ഞത് 50 ലക്ഷം രൂപ തനത് വരുമാനമുള്ള ഗ്രാമപഞ്ചായത്തുകൾക്കും, ഒരു കോടി രൂപയെങ്കിലും തനത് വരുമാനമുള്ള ബ്ലോക്ക് പഞ്ചായത്തുകൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ട്. ഭരണസമിതിക്ക് 3 വർഷത്തെ കാലാവധിയെങ്കിലും ബാക്കിയുണ്ടായിരിക്കണം.