സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയ വിവിധ സംഭവങ്ങളിലെ ഇടപെടലുകൾ ചൂണ്ടിക്കാട്ടി എഡിജിപിക്കെതിരായ പി.വി. അന്‍വറിന്‍റെ ഗുരുതര ആരോപണങ്ങളില്‍ കടുത്ത വെട്ടിലായി ആഭ്യന്തരവകുപ്പും പാര്‍ട്ടിയും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്ന തരത്തിലാണ് ഭരണകക്ഷി എംഎൽഎ കൂടിയായ അൻവറിന്‍റെ പ്രതികരണം.
ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകള്‍ വരെ ചോര്‍ത്തി എന്ന അന്‍വറിന്‍റെ തുറന്നു പറച്ചില്‍ ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചതിന് പിന്നാലെ ഡിജിപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് വിശദീകരണവും തേടിയിട്ടുണ്ട്.
തൃശൂർ പൂരം അലങ്കോലമാക്കുന്നതിലടക്കം എഡിജിപിക്കെതിരായ പരമാർശങ്ങൾ ഉയർന്നതിനാൽ എം.ആർ. അജിത്കുമാറിനെതിരെ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, പൊലീസ് തലപ്പത്തും അഴിച്ചുപണിക്ക് കളമൊരുങ്ങുകയാണ്. ജില്ലാ പൊലീസ് മേധാവിമാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.
എസ്പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അന്‍വറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എന്നാല്‍, അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയതോടെ ആദ്യം ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള സുജിത് ദാസിനെതിരായ നടപടിയില്‍ പരാതി ഒതുക്കാന്‍ ശ്രമിച്ച സർക്കാരിന് മുഖ്യമന്ത്രിയുടെ വിശ്വസ്തരെയടക്കം നീക്കേണ്ട സ്ഥിതിയാണിപ്പോൾ.
അതിനിടെ, പി. ശശി ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടില്ലെന്നും മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നുമുള്ള അൻവറിന്‍റെ ആരോപണത്തിനു പിന്നാലെ മലപ്പുറം എസ്പി ക്വാർട്ടേഴ്സിലെ മരംമുറിയിൽ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടി ക്വാർട്ടേഴ്സിന് മുന്നിൽ കഴിഞ്ഞ ദിവസം എംഎൽഎ നേരിട്ട് നടത്തിയ പ്രതിഷേധത്തിലും നടപടിയുണ്ടായിരുന്നില്ല. എന്നാൽ, പി. ശശിയുടെ പേര് വെളിപ്പെടുത്തിയതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെയും തീരുമാനിച്ചു.
അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നും അദ്ദേഹത്തിന്‍റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നുമാണ് അൻവർ എംഎല്‍എയുടെ ആരോപണം. മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ അജിത്കുമാർ ചോർത്തുന്നുണ്ടെന്നും ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞതോടെ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തിയാണ് ഡിജിപി അടിയന്തരയോഗം വിളിച്ചത്.
സ്വർണ കള്ളക്കടത്തുമായി ബന്ധപെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചതിനാൽ ഉടൻ തന്നെ എഡിജിപിക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.