

ആർ. ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി പിൻവലിച്ച് ആർ. ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന സാഹചര്യത്തിൽ ബിജെപി നേതൃത്വം അനുനയശ്രമങ്ങൾ നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. കോർപ്പറേഷനുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ശ്രീലേഖയെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
മേയർ വി.വി. രാജേഷിനാണ് ശ്രീലേഖ രാജിക്കത്ത് സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി സമർപ്പിക്കുന്നുവെന്നാണ് ശ്രീലേഖ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്. രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്കാണ് നൽകേണ്ടതെന്ന് താൻ അറിയിച്ചതായും പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയതായും മേയർ വി.വി. രാജേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ശാസ്തമംഗലം വാർഡ് കൗൺസിലറായാണ് ശ്രീലേഖ തെരഞ്ഞെടുക്കപ്പെട്ടത്.
ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് നിലവിൽ ബിജെപി കോർപ്പറേഷൻ ഭരിക്കുന്നത്. ആർ. സുഗതൻ കാപ്പ കേസിൽ അറസ്റ്റിലുമാണ്. ആ സാഹചര്യത്തിൽ ശ്രീലേഖ രാജി വച്ചാൽ പ്രതിപക്ഷം അതു മുതലെടുക്കുമെന്ന ആശങ്ക ബിജെപി ക്യാംപുകളിൽ ശക്തമായിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്താണ് സ്ഥാനാർഥിയാക്കിയതെന്നും പിന്നീട് അവഗണിച്ചുവെന്നും ശ്രീലേഖ മുൻപേ തുറന്നു പറഞ്ഞിട്ടുണ്ട്.