

Rahul Mamkootathil
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. എന്നാൽ വളരെ വിദഗ്ധമായാണ് രാഹുൽ കരുനീക്കം നടത്തുന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ് പൊലീസ്. എന്നാൽ രാഹുലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഫ്ലാറ്റിലെ കെയർ ടേക്കറെ പൊലീസ് ചോദ്യം ചെയ്തു.
യുവതി 27 ന് ഉച്ചയ്ക്ക് മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റിലെത്തി നേരിട്ട് പരാതി നൽകുമ്പോൾ രാഹുൽ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ ഫ്ലാറ്റിലെത്തിയ രാഹുൽ വാഹനം അവിടെ ഇട്ട് മറ്റൊരു റെഡ് പോളോ കാറിൽ കയറി പോയി. സിസിടിവി ദൃശ്യങ്ങളില്ലാത്ത സ്ഥലം കേന്ദ്രീകരിച്ചാണ് രാഹുലിന്‍റെ യാത്രയെന്നാണ് വിവരം. രാഹുൽ മുങ്ങിയ റെഡ് പോളോ കാർ ഒരു ചലച്ചിത്ര താരത്തിന്‍റേതാണെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.
രാഹുലിനായി നാലു ദിവസം പിന്നിട്ട തെരച്ചിൽ തുടരുമ്പോഴും പൊലീസിന് വ്യക്തമായ സൂചനകളൊന്നും ലഭ്യമല്ല. സംസ്ഥാനത്താകെ വ്യാപക തെരച്ചിൽ തുടരുന്നതിനിടെ തിരുവനന്തപുരത്തെത്തി രാഹുൽ വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍റെവെളിപ്പെടുത്തൽ പൊലീസിന് നാണക്കേടായി.
ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രാഹുലുള്ള സ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും എംഎൽഎ അവിടെ നിന്നും മുങ്ങിയിരുന്നു. പലപ്പോഴായി രാഹുൽ ഫോൺ ഓൺ ചെയ്യുന്നത് പൊലീസിനെ തെറ്റിധരിപ്പിക്കാനാണെന്ന സംശയവും ഉയരുന്നുണ്ട്. മാത്രമല്ല, പൊലീസ് നീക്കങ്ങൾ ചോരുന്നതായുള്ള സംശയങ്ങളും സേനക്കുള്ളിൽ ഉയരുന്നുണ്ട്.
എന്നാൽ രാഹുലിന്‍റെ ഒളിച്ചു കളിയെ പറ്റി ഉയരുന്ന മറ്റൊരു ആക്ഷേപം പൊലീസ് മനപ്പൂർവം രാഹുലിനെ അറസ്റ്റു ചെയ്യാത്തതാണ് എന്നതാണ്. ബുധനാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് സർക്കാർ നിർദേശമെന്ന് സൂചനയുണ്ട്. പെട്ടെന്ന് അറസ്റ്റു ചെയ്ത് രാഹുലിന് അനുകൂല സാഹചര്യം ഒരുക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല, പരാതിക്കാരി ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കിയതിനാൽ അത് പാർട്ടിക്കും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ.