

പി. ജയരാജൻ
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലുൾപ്പെടെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തുന്ന റെയ്ഡ് ആസൂത്രിതമെന്ന് ആരോപിച്ച് സിപിഎം നേതാവ് പി. ജയരാജൻ. മുഖ്യമന്തി വി.ഡി. സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അപ്രതീക്ഷിതമായ റെയ്ഡ്. ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്‍റെ തുടക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
എന്തു കൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്ന് രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിനെത്തിയപ്പോൾ പരസ്യമായി ചോദിച്ചിരുന്നു. ബംഗാളിലും ത്രിപുരയിലും സംഘപരിവാർ ആസൂത്രണം ചെയ്ത് സിപിഎമ്മിനെ തകർക്കുകയാരുന്നു. സാംസ്കാരിക മാർക്സിസത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുടമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പിണറായിയുടെ വീട്ടിലും തിരുവനന്തപുരത്തെ വാടകവീട്ടിലും മുഹമ്മദ് റിയാസിന്‍റെ വീട്ടിലും റെയ്ഡ്.. ഇത് കൃത്യമായ പ്ലാനിങ്ങാണെന്നും ജയരാജൻ ആരോപിച്ചു.
ഈ നീക്കം കൊണ്ട് പിണറായിയോ നേതൃത്വത്തെയോ തകർക്കാം എന്നുള്ളത് സംഘപരിവാറിന്‍റെ വ്യാമോഹം മാത്രമാണ്. അതു കാലം തെളിയിക്കും. ഇടതുപക്ഷത്തെ തകർത്തു കൊണ്ട് മാത്രമേ ബിജെപിക്ക് കേരളത്തിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കൂ. അതിനു വേണ്ട അനുകൂല അന്തരീക്ഷമുണ്ടാക്കി കൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.അതിന്‍റെ ഭാഗമാണ് ഈ റെയ്ഡ്. രാഷ്ട്രീയപരമായും നിയമപരമായും ഈ റെയ്ഡ് സിപിഎം എതിർത്തു തോൽപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.