

ബംഗാൾ ഉൾക്കടലിൽ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ്.
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ലഘുവായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിലും സമീപ വടക്കൻ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി തുടരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ ഭാഗമായി ശക്തമായ കാറ്റിനും, പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ ചൊവ്വാഴ്ച വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
ഈ പ്രദേശങ്ങളിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.