

ബിജെപി കോട്ടയത്ത് നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്ര.
കോട്ടയം: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാർട്ടി രാജ്യത്തെ നശിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തിനുവേണ്ടി പുതിയതായി യാതൊന്നും നിര്‍ദേശിക്കാനാകാതെ നുണകള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പും വഞ്ചനയും മാത്രം നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി കോട്ടയത്ത് നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുയുഗ കേരളം വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയവര്‍ ഇത്രനാളായിട്ടും കേരളത്തിൽ അവയൊന്നും പാലിക്കാതെ ജനവഞ്ചന നടത്തുകയാണ്. ഇരട്ടത്താപ്പാണ് കോണ്‍ഗ്രസിന്‍റെ മുഖമുദ്ര. 12 വര്‍ഷം കൊണ്ട് നരേന്ദ്രമോദി കേരളത്തിനു വേണ്ടി ചെയ്തിന്‍റെ ഒരു ശതമാനം പോലും സംസ്ഥാനത്തിനായി സതീശന്‍ സര്‍ക്കാര്‍ ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഭരണം കിട്ടിയപ്പോള്‍ എസ്‌ഐആറിനെ പിന്തുണച്ചവര്‍ അതിനെതിരേ രാഹുല്‍ ഗാന്ധിയുടെ വാക്കുംകേട്ട് ഡല്‍ഹിയില്‍ച്ചെന്ന് സമരം നടത്തുകയാണ്. വോട്ടുചോരിയല്ല, തട്ടിപ്പു നടത്തുന്നവര്‍ക്ക് വോട്ടു കിട്ടുന്നില്ലെന്നതാണ് സത്യത്തില്‍ വിഷയം.
പിണറായി വിജയനെ ജയിലില്‍ അടയ്ക്കണമെന്നാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞത്. അധികാരത്തിലേറിയപ്പോള്‍ സതീശന്‍ സര്‍ക്കാര്‍ പിണറായിയെ സംരക്ഷിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. ശബരിമലയിലെ തട്ടിപ്പിന്‍റെ പാട്ടുംപാടി വോട്ടുനേടിയ യുഡിഎഫ് ഇന്ന് തട്ടിപ്പുകാരുടെ സംരക്ഷകരായെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ പ്രൊഫ. എം നാഗരാജ് എം.പി, ദേശീയ സെക്രട്ടറി എം. വെങ്കിടേശൻ, മുൻ കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ സി.കൃഷ്ണകുമാർ, അഡ്വ. ഷോൺ ജോർജ്, സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ദേശീയ കൗൺസിൽ അംഗങ്ങളായ പി.സി. ജോർജ്, മേഖല അധ്യക്ഷനും റബർ ബോർഡ് ചെയർമാനുമായ എൻ. ഹരി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. എൻ.കെ നാരായണൻ നമ്പൂതിരി, അഡ്വ. പി.ജെ. തോമസ്, കെ. അജിത്, പി.ജി. ബിജുകുമാർ, അഡ്വ. ബി. രാധാകൃഷ്ണ മേനോൻ, കെ.ജി. രാജ് മോഹൻ, രഞ്ജിത് മീനാഭവൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. രതീഷ്, ലാൽകൃഷ്ണ, എൻ.കെ. ശശികുമാർ, മിനർവ മോഹൻ, അഖിൽ രവീന്ദ്രൻ, വിസി അജി തുടങ്ങിയവർ സംസാരിച്ചു.