

രമേശ് ചെന്നിത്തല
File
ജിബി സദാശിവൻ
കൊച്ചി: മേയ് നാലിനു വോട്ടെണ്ണിക്കഴിയുമ്പോൾ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ കേരള ഭരണത്തിന്‍റെ അമരത്തേക്ക് രമേശ് ചെന്നിത്തലയുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുങ്ങുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയതു ശരിയായില്ലെന്ന വികാരമാണ് ഹൈക്കമാൻഡിനുള്ളത്.
പ്രഗത്ഭനും പരിചയസമ്പന്നനുമായ ചെന്നിത്തലയെ മാറ്റിയത് നീതികേടായി എന്ന വികാരം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മറ്റു മുതിർന്ന നേതാക്കൾക്കും അന്നു മുതലേയുണ്ട്. അന്നെടുത്ത തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും അനുഭവ സമ്പത്തുള്ള ഈ നേതാവിന് അർഹമായ മറ്റൊരു പരിഗണന നൽകാതെ മാറ്റിയത് ശരിയായില്ലെന്നും ഹൈക്കമാൻഡ് ഇപ്പോൾ വിലയിരുത്തുന്നു.
ഇപ്പോൾ 70 വയുള്ള രമേശ് 1982ൽ ഹരിപ്പാട്ടു നിന്ന് നിയമസഭയിലെത്തി. 86ൽ കേവലം 30ാം വയസിൽ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ലോക്‌സഭാംഗം, എഐസിസി ജനറൽ സെക്രട്ടറി, കെപിസിസി പ്രസിഡന്‍റ്, കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി അങ്ങനെ ഒട്ടേറെ പദവികൾ വഹിച്ച നേതാവ്.
കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിലൊരാളായി രമേശ് ചെന്നിത്തലയെ രാഷ്‌ട്രീയ കേരളം അടയാളപ്പെടുത്തിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ അഴിമതികൾ ഓരോന്നായി കൃത്യമായ രേഖകളുടെ പിൻബലത്തോടെ പുറത്തുകൊണ്ടുവന്ന അദ്ദേഹത്തിന്‍റെ ശൈലി അക്ഷരാർഥത്തിൽ സർക്കാരിനെ തടർച്ചയായി വിറപ്പിച്ചിരുന്നു. സ്പ്രിംഗ്ലർ മുതൽ ആഴക്കടൽ മത്സ്യബന്ധന കരാർ വരെയുള്ള വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഒറ്റയാൾ പോരാട്ടം യുഡിഎഫിന് വലിയ കരുത്താണ് നൽകിയത്. എന്നിട്ടും അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിന്നു മാറ്റിയത് താഴേത്തട്ടിലുള്ള സാധാരണ പ്രവർത്തകർക്ക് വലിയ ആഘാതമായിരുന്നു. ചെന്നിത്തലയോട് കാട്ടിയത് നീതികേടാണെന്ന വികാരം പാർട്ടി പ്രവർത്തകർക്ക് ഇപ്പോഴുമുണ്ട്.
പ്രവർത്തകരുടെ ഈ വികാരം ഉൾക്കൊണ്ടുകൊണ്ട് ഇക്കുറി യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് അദ്ദേഹത്തെ തന്നെ നിർദേശിക്കാനാണ് സാധ്യത. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്‌ട്രീയത്തിന് അതീതമായും, ഘടകകക്ഷികളുടെ വിലപേശലുകളെ നിയന്ത്രിച്ചും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്‍റെ കഴിവും ഭരണ പരിചയവും കോൺഗ്രസിന് അനിവാര്യമാണെന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യമായ മുഖമായി ചെന്നിത്തലയെ അവതരിപ്പിക്കുന്നതിലൂടെ പാർട്ടിയിൽ പുതിയൊരു ഊർജം നിറയ്ക്കാൻ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.
ദേശീയ രാഷ്‌ട്രീയത്തിലെ സ്വാധീനവും കേരളത്തിലെ ജനപ്രിയതയും ഒരുപോലെ കൂട്ടിയിണക്കി ചെന്നിത്തല വീണ്ടും സജീവമാകുമ്പോൾ അത് സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഹൈക്കമൻഡിന് അറിയാം. ഘടക കക്ഷികളെയും എൻഎസ്എസ്, എസ്എൻഡിപി യോഗം, ക്രൈസ്തവ സഭകൾ, മുസ്‌ലിം സംഘടനകൾ അടക്കമുള്ള സംഘടനകളെയും വിശ്വാസത്തിലെടുത്ത് അവരുടെ കൂടി താത്പര്യം അറിഞ്ഞ ശേഷമായിരിക്കും കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുക. എല്ലാ സമുദായ സംഘടനകൾക്കും രമേശ് സ്വീകാര്യനാണ് എന്നതും കണക്കിലെടുക്കേണ്ടിവരും.
ഫലപ്രഖ്യാപനത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെപിസിസി മുൻ പ്രസിഡന്‍റുമാരായ കെ. സുധാകരൻ, വി. മുരളീധരൻ തുടങ്ങിയവരെയും കൂടി വിശ്വാസത്തിലെടുത്താകും അന്തിമ തീരുമാനം. എഐസിസി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിന് മുഖ്യമന്തിസ്ഥാനത്തിൽ നോട്ടമുണ്ടെങ്കിലും രമേശിന്‍റെ പേരു വന്നാൽ എതിർക്കില്ലെന്നാണു സൂചനകൾ. എല്ലാം ജനവിധി എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും എന്നു മാത്രം.