

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: അധികാരത്തിലെത്തിയതിനു പിന്നാലെ ലഹരിക്കെതിരേ കടുത്ത തീരുമാനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയകളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ - ദ നർക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 1 മുതലാണ് പദ്ധതി നടപ്പാക്കുക.
സ്കൂൾ - കോളെജ് വിദ്യാർഥികളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയകളുടെ വേരറുക്കുമെന്നും അതിനായി ജനം പൊലീസിനൊപ്പം സഹകരിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
484 പൊലീസ് സ്റ്റേഷനിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിങ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും തുടങ്ങിയ മാറ്റങ്ങളോട് പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയും പൊലീസ് ഉപദേഷ്ടാവും വാർത്താസമ്മേളനത്തിൽ ചെന്നിത്തലയ്ക്കൊപ്പം പങ്കെടുത്തിരുന്നു.