സിപിഎം നേതാവിന്‍റെ കൊലവിളി പ്രസംഗം; പരാതി പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ച് രമേശ് ചെന്നിത്തല

ധനരാജ് കൊലക്കേസിലെ കോടതിവിധി ചോദ്യം ചെയ്തായിരുന്നു കൊലവിളി പ്രസംഗം
ramesh chennithala orders action against ti madhusoodanan

രമേശ് ചെന്നിത്തല | ടി.ഐ. മധുസൂദനൻ

Updated on: 

കണ്ണൂർ: സിപിഎം നേതാവ് ടി.ഐ. മധുസൂദനന്‍റെ കൊലവിളി പ്രസംഗത്തിനെതിരേ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിൽ തുടർനടപടിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്കാണ് (റൂറൽ) നിർദേശം നൽകിയത്. പ്രസംഗം പൂർണമായും കേട്ടശേഷം നിയമസാധുത പരിശോധിച്ച് കേസെടുക്കാനാണ് നിർദേശം

പയ്യന്നൂർ പൊതുയോഗത്തിലെ കൊലവിളി, ഭീഷണി പരാമർശങ്ങൾക്കെതിരെയായിരുന്നു പരാതി. നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അധിക്ഷേപിച്ചതിലും നടപടി വേണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസമാണ് ധനരാജ് വധക്കേസിൽ കോടതി വിധി വന്നത്. അതിനു പിന്നാലെയാണ് സിപിഎം നേതാവും മുൻ പയ്യന്നൂർ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ കൊലവിളി പ്രസംഗവുമായി രംഗത്തെത്തിയത്. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കുമെന്നും അതിനു പാർട്ടിക്ക് മടിയില്ലെന്നും സമൂഹമാധ‍്യമങ്ങളിലൂടെ പാർട്ടിയെ അധിക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുൻ‌ എംഎൽഎയുടെ കൊലവിളി പ്രസംഗം. കോടതിക്കെതിരേയും മധുസൂദനൻ വിമർശനം നടത്തി. ചീമേനിയിൽ 5 പേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട കാര‍്യവും മധുസൂദനൻ പരാമർശിച്ചിരുന്നു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് ജഡ്ജി പറയാത്തത് ഭാഗ‍്യമാണ്. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്‍റെ പോരാട്ട വീര‍്യത്തെ തടവുശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞിരുന്നു.