"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ചു പേർ ഇപ്പോൾ പരോളിലാണ്.
Ramesh chennithala reacts on political murder

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: രാഷട്രീ‍യ കൊലപാതകങ്ങളോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച നടപടിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്. പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് 20 ദിവസം വരെ പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് നിർദേശിച്ചത്.

പരോൾ അനുവദിച്ചത് സംബന്ധിച്ച വസ്തുതകൾ സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടു മുൻപാണ് ജയിൽ വകുപ്പ് പെരിയ കേസ് പ്രതികൾക്ക് പരോളിന് അനുമതി നൽകിയത്. കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ചു പേർ ഇപ്പോൾ പരോളിലാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം..

പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നതിന്റെ പേരിൽ മാത്രം രണ്ട് ചെറുപ്പക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അത് ആഭ്യന്തര മന്ത്രി എന്ന നിലയോടൊപ്പം തന്നെ ആ പ്രായത്തിലുള്ള മക്കളുള്ള ഒരു അച്ഛൻ എന്ന നിലയിലെ ധർമ്മം കൂടിയാണ്.

ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികൾ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവിൽ സൊസൈറ്റിയിൽ തെറ്റായ സന്ദേശം നൽകുന്നതാണ്.

പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിന്.

നമുക്ക് നന്നായി രാഷ്ട്രീയം പറയാം, ആശയപരമായി ഏറ്റുമുട്ടാം. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും

logo
Metro Vaartha
www.metrovaartha.com