സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്നത് അഭ‍്യൂഹമാണെന്ന് രമേശ് ചെന്നിത്തല

നിജസ്ഥിതി അറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും ആഭ‍്യന്തര മന്ത്രി വ‍്യക്തമാക്കി
Ramesh Chennithala says it is a rumor that Sukumara Kurup is alive abroad

രമേശ് ചെന്നിത്തല, സുകുമാരക്കുറുപ്പ്

Updated on

കൊച്ചി: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്ന മാധ‍്യമ വാർത്തകളിൽ പ്രതികരണവുമായി ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ‍്യൂഹമാണെന്നും നിജസ്ഥിതി അറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽ‌കിയതായാണ് ആഭ‍്യന്തര മന്ത്രി പറയുന്നത്.

ഇന്‍റർ‌പോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയാൻ ശ്രമിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് അഭ‍്യൂഹങ്ങളുണ്ടെന്ന് കൂട്ടിച്ചേർത്തു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൂഴ്ത്തിയെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. ഇതിലെന്താണ് പൂഴ്ത്താനുള്ളതെന്നും വയലാർ രവി ആഭ‍്യന്തര മന്ത്രിയായിരുന്ന കാലത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുകുമാരക്കുറുപ്പ് ബ്രൂണെയിൽ കള്ളപ്പേരിൽ താമസിക്കുന്നുണ്ടെന്ന് വാർത്തകൾ പ്രചരിച്ചത്. കേസ് അന്വേഷിച്ച മുൻ ഉദ്യോഗസ്ഥൻ അലി അക്ബറാണ് അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാൽ കേരള പൊലീസ് വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. സുകുമാരക്കുറിപ്പിനായുള്ള 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.

മലേഷ്യ- ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപേരിൽ സുകുമാരക്കുറുപ്പ് താമസിക്കുന്നുണ്ടെന്നാണ് വാർത്തകൾ വന്നത്. കുറിപ്പ് താമസിക്കുന്ന വീടിനെക്കുറിച്ചും പോകുന്ന ഹോട്ടലിനെക്കുറിച്ചും വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അലി അക്ബർ പറഞ്ഞത്.

ഇയാൾ ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അതിന്‍റെ തെളിവുകൾ അധികൃതർക്ക് നൽകിയതായും അലി അക്ബർ വ‍്യക്തമാക്കിയിരുന്നു. സുകുമാരക്കുറുപ്പിന്‍റേതാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രവും പ്രചരിച്ചു.

തുടർന്ന് ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ, ദൃശ്യങ്ങളിൽ കാണുന്ന വയോധികൻ തൃശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന. 1984ലാണ് ഏറെ വിവാദമായ കൊലപാതകം നടക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോ എന്ന യുവാവിനെ കുറുപ്പും ബന്ധുവും ചേർന്ന് കൊലപ്പെടുത്തി കാറിലിട്ട് കത്തിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com