

രമേഷ് പിഷാരടി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ രമേഷ് പിഷാരടി തൃപ്പൂണിത്തുറയിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. കോൺഗ്രസ് നേതൃത്വം പിഷാരടിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സിറ്റിങ് എംഎൽഎയായ കെ. ബാബു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനുപിന്നാലെയാണ് രമേഷ് പിഷാരടിയുടെ പേര് ഉയർന്നു വന്നിരിക്കുന്നത്.
1991ലാണ് കെ.ബാബുവിലൂടെ കോൺഗ്രസ് ഇടത് മണ്ഡലമായിരുന്ന തൃപ്പൂണിത്തുറ പിടിച്ചെടുത്തത്. തുടർച്ചയായി അഞ്ച് തവണയാണ് ബാബു മണ്ഡലത്തിൽ വിജയിച്ചത്. 2016ൽ ബാബുവിനെ പരാജയപ്പെടുത്തി പി.സ്വരാജ് മണ്ഡലം പിടിച്ചെടുത്തു. എന്നാൽ 2021ൽ ബാബു സ്വരാജിനെ തോൽപ്പിച്ച് വീണ്ടും അധികാരത്തിലേറി. സ്വരാജ് ഇത്തവണ തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കൊച്ചി മുൻ മേയർ എം. അനിൽ കുമാറിനെയാണ് സിപിഎം തൃപ്പൂണിത്തുറയിലേക്ക് നിർദേശിക്കാൻ സാധ്യത. തദ്ദേശതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭ ബിജെപി പിടിച്ചെടുത്തിരുന്നു.
മണ്ഡലത്തിലെ ആറ് കോർപ്പറേഷൻ ഡിവിഷനുകളിലും എൽഡിഎഫാണ് വിജയിച്ചത്. മരട് മുനിസിപ്പിലാറ്റിയും രണ്ട് പഞ്ചായത്തുകളുമാണ് യുഡിഎഫിന്‍റെ കൈയിലുള്ളത്. അതു കൊണ്ടു തന്നെ ബിജെപി മണ്ഡലത്തിൽ കരുത്തരായ സ്ഥാനാർഥികളെ തന്നെ നിയോഗിക്കും. കെ.എസ്. രാധാകൃഷ്ണൻ, എ.എൻ . രാധാകൃഷ്ണൻ എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്.