

വേടൻ, സജി ചെറിയാൻ
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരേ റാപ്പർ വേടൻ. വേടന് പോലും ചലചിത്ര അവാർഡ് നൽകിയെന്ന മന്ത്രിയുടെ പരാമർശം അപമാനിക്കൽ തന്നെയാണെന്നും പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പറഞ്ഞു. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നു പറഞ്ഞ വേടൻ അവാർഡ് വലിയ അംഗീകാരമായി കാണുന്നുവെന്ന് കൂട്ടിച്ചേർത്തു.
കോഴിക്കോട് ന‍്യൂ സെൻട്രൽ മാർക്കറ്റിന്‍റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി വേടനെതിരേ പരാമർശം നടത്തിയത്. പരാതികളില്ലാതെ അഞ്ച് വർഷം ചലചിത്ര അവാർഡ് പ്രഖ‍്യാപിച്ചെന്നും വേടനെ പോലും പരിഗണിച്ചെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെ മന്ത്രി രംഗത്തെത്തുകയും ചെയ്തു. വാക്ക് വളച്ചൊടിക്കരുതെന്നും വേടന്‍റെ വാക്കുകളാണ് താൻ ഉപയോഗിച്ചതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.