
വേടൻ
കൊച്ചി: റാപ്പൽ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരേ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. കോട്ടയം സ്വദേശിയായ യുവ ഡോക്‌റ്ററുടെ പരാതിയിൽ എറണാകുളം തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
രണ്ടു വർഷം മുൻപ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഭാരതീയ ന്യായ സംഹിത വരുന്നതിനു മുമ്പാണ് കുറ്റകൃത്യം നടന്നത് എന്നതുകൊണ്ടാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃക്കാക്കരയിലേയും മറ്റു പലയിടങ്ങളിലേയും ഫ്ലാറ്റുകളിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. തുടർന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം.