

യുഡിഎഫ് സർക്കാരിന്‍റെ പ്രിയദർശിനി പദ്ധതി ബമ്പർ ഹിറ്റ്; വനിതാ യാത്രക്കാരിൽ 5.95 ലക്ഷം വർധനവ്
തിരുവനന്തപുരം: കെഎസ്ആർടിയുടെ പ്രിയദർശിനി സ്കീം പ്രകാരമുള്ള ബസുകളുടെ സർവീസ് ഷെഡ്യൂളിൽ മാറ്റം വേണമെന്ന് ശുപാർശ ചെയ്ത് വിദഗ്ധ സമിതി. പ്രിയദർശിനി ബസുകൾ മൂലം സ്വകാര്യ ബസുകൾ നഷ്ടത്തിലാകുന്നുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് വിഷയത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതി മൂന്നിടങ്ങളിൽ സിറ്റിങ് നടത്തി സ്വകാര്യ ബസ് ഉടമകളുമായി സംസാരിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവർ കൂടിക്കാഴ്ച നടത്തി.
യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്നത്.
അധികാരത്തിലേറിയ ശേഷം ജൂൺ 15 മുതലാണ് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കിക്കൊണ്ടുള്ള പദ്ധതി നടപ്പിലാക്കിയത്. തുടർന്ന് സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായെന്നും 500 ബസുകൾ സർവീസ് പൂർണമായി നിർത്തിയെന്നും സ്വകാര്യ ബസുടമകൾ ആരോപിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കടുത്ത പ്രതിസന്ധി. വിമർശനം ശക്തമായതിനു പിന്നാലെയാണ് വിഷയത്തിൽ പഠനം നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചത്.