

പത്തനംതിട്ടയിലെ വ്യാജ ഡ്രൈവിങ് ലൈസൻസ്; ആർടിഒ മുൻ ഏജന്‍റിന് 28 വർഷം കഠിനതടവ്
കൊല്ലം: പത്തനംതിട്ട ആർടിഒയിലെ വ്യാജ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട കേസിൽ മുൻ ഏജന്‍റിന് 28 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി. അടൂർ സ്വദേശിയായ മുഹമ്മദ് ഷഫീഖ് എ (47)ആണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. നിയമങ്ങൾ പാലിക്കാതെ വ്യാജ ഡ്രൈവിങ് ലൈസൻസുകളും രേഖകളും ഉണ്ടാക്കിയ കേസിലാണ് ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. മോഹിത് സി.എസ് ആണ് ശിക്ഷ വിധിച്ചത്.
2008-2009 കാലഘട്ടത്തിൽ പത്തനംതിട്ട ആർടിഒയിൽ നിന്ന് ലൈറ്റ് വെഹിക്കിൾ, ഹെവി വെഹിക്കൾ ലൈസൻസുകൾ, പേരുമാറ്റം തുടങ്ങിയവയ്ക്കായി അപേക്ഷകരിൽ നിന്ന് ഷഫീഖ് പണം വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആർടിഒ അനധികൃതമായി മാനദണ്ഡങ്ങൾ പാലിക്കാതെയും ഡ്രൈവിങ് ടെസ്റ്റ് നടത്തായെയും ലൈസൻസുകൾ നൽകുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം വെളിയിൽ വന്നത്. കേസിലെ ഒന്നാം പ്രതിയായ മുൻ ആർടിഒ വിചാരണക്കിടെ മരണപ്പെട്ടിരുന്നു.